‘പരാതിയുടെ സ്വഭാവമില്ല, വ്യക്തതക്കുറവ്’: നടപടി ഒഴിവാക്കിയത് അന്നത്തെ ഡിജിപിയുടെ ഉപദേശ പ്രകാരം
Mail This Article
തിരുവനന്തപുരം ∙ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തെളിവുകൾ സഹിതം വ്യക്തമാക്കുന്ന ലൈംഗിക അതിക്രമ സംഭവങ്ങളിൽ സർക്കാർ നിയമ നടപടി ഒഴിവാക്കിയത് അക്കാലത്തെ ഡിജിപിയുടെ ഉപദേശം അനുസരിച്ചെന്നു സൂചന. റിപ്പോർട്ടിൽ പറയുന്ന സംഭവങ്ങൾക്കു പരാതിയുടെ സ്വഭാവമില്ലെന്നും വ്യക്തതക്കുറവുണ്ടെന്നും നിയമനടപടി സ്വീകരിക്കാൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടില്ലെന്നുമായിരുന്നു റിപ്പോർട്ട് പരിശോധിച്ച അന്നത്തെ ഡിജിപി സർക്കാരിന് നൽകിയ ഉപദേശം. ഇതോടെ, റിപ്പോർട്ട് തുടർനടപടികളില്ലാതെ സർക്കാർ പൂഴ്ത്തി. മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്യാൻ സംസ്ഥാന സർക്കാരിനു പൊലീസിനോട് ആവശ്യപ്പെടാമായിരുന്നുവെന്നു നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അതുണ്ടായില്ല.
സിനിമാമേഖലയിലെ പ്രശ്ന പരിഹാരത്തിന് ജുഡീഷ്യൽ അധികാരമുള്ള ട്രൈബ്യൂണൽ രൂപീകരിക്കണമെന്ന നിർദേശങ്ങൾ നടപ്പാക്കാനും സർക്കാർ കാര്യമായ നടപടികളൊന്നും സ്വീകരിച്ചില്ല. ജസ്റ്റിസ് ഹേമ തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണു വ്യക്തികളുടെ സ്വകാര്യത കൂടി മാനിച്ച് റിപ്പോർട്ട് പരസ്യപ്പെടുത്താത്തത് എന്നു വാദിക്കുന്ന സർക്കാർ പക്ഷേ, നാലര വർഷമായിട്ടും ശുപാർശകൾ നടപ്പാക്കാത്തതെന്തെന്ന ചോദ്യത്തിനു മുന്നിൽ പ്രതിക്കൂട്ടിലാകുന്നു. വിവരാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടർന്ന് ഇപ്പോൾ റിപ്പോർട്ട് പരസ്യപ്പെടുത്തേണ്ടി വന്നെങ്കിലും റിപ്പോർട്ടിൽ തെളിവുകൾ സഹിതം വ്യക്തമാക്കുന്ന കുറ്റകൃത്യങ്ങളിൽ തുടർനടപടികൾക്ക് സർക്കാർ നീക്കമില്ല.