ADVERTISEMENT

തിരുവനന്തപുരം∙ ഒന്നര ദിവസം നീണ്ട തിരച്ചിലിനൊടുവിൽ, ഇന്നലെ രാത്രി പത്തരയോടെയാണ് കുട്ടിയെ കണ്ടെത്തിയെന്ന സന്തോഷവാർത്ത പിതാവിനെ പൊലീസ് വിളിച്ചറിയിച്ചത്. മകളെ തിരിച്ചുകിട്ടാൻ അമ്മ ചൊല്ലിയ പ്രാർഥനകൾക്കുള്ള ഉത്തരമായിരുന്നു അത്. ശകാരിക്കുന്നതിനിടെ മകളെ അടിച്ചതിന്റെ വേദനയിൽ വെന്തുരുകുകയായിരുന്നു അമ്മ. അനിയത്തിയുമായി വഴക്കടിച്ചതിന്റെ പേരിലാണു മകളെ അടിച്ചത്. . ‘അതിന് അവൾ വീടുവിട്ടിറങ്ങിപ്പോകുമെന്ന് ഞാൻ കരുതിയില്ല’ – ഇന്നലെ പകൽ കഴക്കൂട്ടത്തെ വീട്ടിലെത്തിയവരോട് കണ്ണീരടക്കാനാകാതെ അമ്മ പറഞ്ഞു. 

കഴക്കൂട്ടത്തെ സ്കൂളിൽ ഒരു വർഷമായി കൃഷിപ്പണി ചെയ്യുന്ന ഭർത്താവിനൊപ്പം താമസിക്കാൻ ഒരു മാസം മുൻപാണ് യുവതിയും കുട്ടികളും അസമിൽ  നിന്നെത്തിയത്. ‘ഇവിടെ സുഖമായി ജീവിക്കം’ എന്ന് ഭർത്താവ് പറഞ്ഞതനുസരിച്ചായിരുന്നു മക്കളുമായി അവർ കേരളത്തിലേക്കു ട്രെയിൻ കയറിയത്. കാണാതായ കുട്ടി ജീവിതത്തിലാദ്യമായി ട്രെയിനിൽ കയറുന്നത് അന്നാണ്.

കഴക്കൂട്ടത്ത് ജീവിതം മുന്നോട്ടുപോകുമ്പോഴാണ്, അപ്രതീക്ഷിത വേദന ഈ കുടുംബത്തെ തേടിയെത്തിയത്. ചേച്ചി തന്നെ അടിക്കുന്നതായി ഇളയ മകൾ ഫോണിൽ വിളിച്ചുപറഞ്ഞതനുസരിച്ചാണ് സ്കൂളിലെ ജോലിക്കിടെ അവർ വീട്ടിലേക്ക് ഓടിയെത്തിയത്. ദേഷ്യത്തിൽ കുട്ടിയെ അടിച്ച ശേഷം തിരികെ സ്കൂളിലേക്കു പോയി. ഒരടി കൊടുത്തതിന്റെ പേരിൽ മകൾ എന്തിനു വീടുവിട്ടിറങ്ങിയെന്ന ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ നിന്ന കുടുംബത്തിനു മുന്നിലേക്കാണ് രാത്രി ആശ്വാസവാർത്തയെത്തിയത്. 

നിർണായകമായത് ട്രെയിനിൽ ബബിതയെടുത്ത ചിത്രം

തിരുവനന്തപുരം ∙ ചൊവ്വാഴ്ച പകലും രാത്രിയും തിരഞ്ഞിട്ടും കാണാതായ പതിമൂന്നുകാരിയെക്കുറിച്ച് ഒരു വിവരവും ലഭിക്കാതിരിക്കെ ആദ്യ തുമ്പായത് കന്യാകുമാരി ഐലൻഡ് എക്സ്പ്രസിലുണ്ടായിരുന്ന ബബിതയെന്ന യാത്രക്കാരി എടുത്ത ചിത്രം. അതുവരെ തിരുവനന്തപുരം മുതൽ പാലക്കാട് വരെ ഊഹം വച്ചു തപ്പിത്ത‍ടഞ്ഞ പൊലീസിന് ഇന്നലെ പുലർച്ചെയാണ് പിടിവള്ളിയായി ഈ ഫോട്ടോ കിട്ടിയത്.

നാടുമുഴുവൻ വീശിയടിച്ച വലിയ കാറ്റിന്റെ ശബ്ദം കേട്ട് പുലർച്ചെ മൂന്നിന് ഉറക്കമുണർന്ന ബബിത, ഇതു സംബന്ധിച്ച് വാർത്തയുണ്ടോയെന്ന് ഓൺലൈനിൽ തിരഞ്ഞപ്പോഴാണ് പെൺകുട്ടിയെ കാണാനില്ലെന്ന വാർത്ത കണ്ടത്. അതിലെ ചിത്രം താൻ ഉച്ചയ്ക്ക് ട്രെയിനിൽനിന്നു പകർത്തിയ കുട്ടിയുടേതു തന്നെയാണല്ലോയെന്ന് തിരിച്ചറിഞ്ഞ് പൊലീസിനെ അറിയിക്കുകയുമായിരുന്നു.

തിരുവനന്തപുരത്തു മെഡിക്കൽ കോഡിങ് പഠിക്കുന്ന ബബിത ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നെയ്യാറ്റിൻകരയിലെ വീട്ടിലേക്കു പോകാൻ കൂട്ടുകാരുമൊത്ത് ബെംഗളൂരു –കന്യാകുമാരി എക്സ്പ്രസിൽ കയറിയത്. എതിർസീറ്റിൽ കണ്ണീർ തുടച്ചുകൊണ്ടു സങ്കടഭാവത്തിലിരിക്കുന്നതു കണ്ടാണ് പെൺകുട്ടിയെ ബബിത ശ്രദ്ധിച്ചത്. മൊബൈൽ ഫോണിൽ ചിത്രമെടുത്തതും അതുകൊണ്ടാണ്. ഇതു കണ്ട് പെൺകുട്ടി ദേഷ്യപ്പെടുകയും ചെയ്തു.

പിന്നിലെ സീറ്റിൽ കുട്ടികളടക്കം കുറച്ച് ഇതരസംസ്ഥാന യാത്രക്കാരുണ്ടായിരുന്നു. അവരുടെ കൂടെയുള്ള കുട്ടിയാകാമെന്നും വഴക്കിട്ടതാകാമെന്നുമാണ് കൂട്ടുകാർ പറഞ്ഞത്. ബബിത നെയ്യാറ്റിൻകരയിലും കൂട്ടുകാർ പാറശാലയിലുമിറങ്ങി. അപ്പോഴും പെൺകുട്ടി ട്രെയിനിലുണ്ടായിരുന്നു. കന്യാകുമാരിയിലെ ട്രെയിൻ ശുചീകരണത്തൊഴിലാളി, ഓട്ടോ ഡ്രൈവർ എന്നിവരും കുട്ടിയെ കണ്ടതായി മൊഴി നൽകി.

നൽകണം, സ്നേഹവും കരുതലും: അരുൺ ബി.നായർ

(പ്രഫസർ, സൈക്യാട്രി വിഭാഗം, ഗവ.മെഡിക്കൽ കോളജ്, തിരുവനന്തപുരം)

ലോകം കുട്ടികളുടെ കൈക്കുമ്പിളിലാണെന്നു മനസ്സിലാക്കുക. അവരുടെ അന്വേഷണങ്ങൾക്ക് അതിരുകളില്ല. രക്ഷിതാക്കളുടെ ശ്രദ്ധ ലഭിക്കാത്തതു കാരണമാണു മിക്ക കുട്ടികളും വീടു വിടുന്നത്. സ്നേഹവും കരുതലും അതിന്റെ ആശ്വാസവുമൊക്കെ കുട്ടികൾക്കു വേണം. രക്ഷിതാക്കളാകട്ടെ ജോലി ഉൾപ്പെടെയുള്ള തിരക്കുകളിലായിരിക്കും. 

കൂട്ടുകാരിലോ സമൂഹമാധ്യമങ്ങളിലൂടെ കണ്ടെത്തുന്നവരിലോ കുട്ടികൾ മാനസികമായി അഭയം തേടും. രക്ഷിതാക്കൾക്കൊപ്പമാണു താമസമെങ്കിലും കുട്ടിയെ നിയന്ത്രിക്കുന്നതു പുറത്തുള്ളവരായിരിക്കും. ഇക്കാലത്തു യാത്രയ്ക്കു പലവിധ മാർഗങ്ങളുണ്ട്. കുട്ടികൾക്ക് എല്ലാം മൊബൈലിലൂടെ തന്നെ പഠിക്കാം. ഒട്ടേറെ സാധ്യതകൾക്കു നടുവിലാണു നമ്മുടെ കുട്ടികളെന്ന് ഓർക്കുക.

പരിഹാരമെന്ത്?

രക്ഷിതാക്കൾ ദിവസം ഒരു മണിക്കൂറെങ്കിലും കുട്ടികളുമായി ചെലവഴിക്കണം. ഇതിനെ ക്വാളിറ്റി ടൈം എന്നാണു പറയുന്നത്. ഈ സമയം ശാസിക്കാനോ ഉപദേശിക്കാനോ ഉള്ളതല്ല. പകരം, കുട്ടികളെ നന്നായി കേൾക്കണം. അവർ എല്ലാം സംസാരിക്കും. അതിലൂടെ നമ്മുടെ കുട്ടികളുടെ കാഴ്ചപ്പാട്, ബന്ധങ്ങൾ, താൽപര്യങ്ങൾ... എല്ലാം മനസ്സിലാക്കാം. ഇതൊക്കെ ആഴ്ചയിൽ ഒരു ദിവസം പോരേയെന്നു ചിന്തിക്കുന്നവർ ഉണ്ടാകാം. പോരാ, എന്നും സംസാരിച്ചാലേ കുട്ടികളുടെ മനസ്സ് നമുക്കൊപ്പം നിൽക്കൂ.

English Summary:

Kazhakkoottam missing girl found

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com