ADVERTISEMENT

പത്തനംതിട്ട ∙ ബൈക്കിൽ പോകുകയായിരുന്ന വിമുക്തഭടന്റെ കഴുത്തിലേക്ക് റോഡിനു കുറുകെയുള്ള വൈദ്യുതക്കമ്പി പൊട്ടിവീണു. കഴുത്തിൽ കുരുങ്ങി സാരമായി പരുക്കേറ്റ കടമ്പനാട് തുവയൂർ തെക്ക് തറയിൽ വിളയിൽ ജി.റോയ് (42) രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള റോയിയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവാണ് ഉണ്ടായിരിക്കുന്നതെന്നും മൂന്ന് തുന്നൽ ഇടേണ്ടി വന്നതായും ബന്ധുക്കൾ പറഞ്ഞു.

ഓമല്ലൂർ റോഡിൽ പുത്തൻപീടിക ജംക്‌ഷനിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു അപകടം. റോഡിന് എതിർ വശത്തുനിന്ന് വീട്ടിലേക്കു വലിച്ചിട്ടുള്ള വൈദ്യുതക്കമ്പിയിൽ കനത്ത കാറ്റി‍നെതുടർന്ന് തെങ്ങിന്റെ ഓല കുരുങ്ങിക്കിടക്കുകയായിരുന്നു. വൈദ്യുതിയും നിലച്ചിരുന്നു. ഇക്കാര്യം ഗൃഹനാഥൻ ഡെയ്സി ഭവൻ കൃഷ്ണൻകുട്ടി രാവിലെ തന്നെ കെഎസ്ഇബി അധികൃതരെ അറിയിച്ചിരുന്നു.

ഇന്നലെ പല സ്ഥലങ്ങളിലും അറ്റകുറ്റപ്പണികൾ ഉണ്ടായിരുന്നതിനാൽ കെഎസ്ഇബി ജീവനക്കാർക്ക് ഇവിടെ എത്താനായില്ലായിരുന്നു. ഇതിനിടെ വൈദ്യുത ലൈനിലെ തടസ്സം നീക്കിയെന്ന ധാരണയിൽ അധികൃതർ വൈദ്യുതി ചാർജ് ചെയ്തു. ഇതോടെ കൂട്ടിമുട്ടിക്കിടന്ന കമ്പികൾ ഉരുകി പൊട്ടിവീഴുകയായിരുന്നു. 

ജില്ലാ ആസ്ഥാനത്തെ സൈനിക ക്ഷേമ ബോർഡ് ഓഫിസിൽ എത്തിയ ശേഷം ബൈക്കിൽ മടങ്ങുകയായിരുന്ന റോയിയുടെ കഴുത്തിലേക്കാണ് കമ്പി വീണത്. ഉടൻ ബൈക്ക് നിർത്തിയെങ്കിലും മറിഞ്ഞുവീണു. കഴുത്തിലെ മുറിവിൽ നിന്നു രക്തപ്രവാഹമുണ്ടായതോടെ റോയ് ഷർട്ട് കീറി കഴുത്തിൽ കെട്ടി. നാട്ടുകാർ ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. ലൈൻ പൊട്ടിയപ്പോൾ തന്നെ വൈദ്യുതബന്ധം പോയതിനാൽ വലിയ അപകടം ഒഴിവായി. 

English Summary:

Broken electric wire stuck on neck: Ex-serviceman injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com