പരിസ്ഥിതിലോല മേഖല: ആശയക്കുഴപ്പമുണ്ടാക്കി രണ്ടു ഭൂപടങ്ങൾ
Mail This Article
തിരുവനന്തപുരം ∙ പരിസ്ഥിതിലോല മേഖല (ഇഎസ്എ) വിഷയത്തിൽ സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ വെബ്സൈറ്റിലൂടെ പുറത്തു വിട്ട രണ്ടു ഭൂപടങ്ങൾ ചർച്ചയാകുന്നു. വില്ലേജുകളുടെ അതിർത്തി മനസ്സിലാക്കുന്നതിനും വില്ലേജുകളിൽ ഇഎസ്എ ഉൾപ്പെട്ടിട്ടുണ്ടോയെന്നു തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർക്കു പരിശോധിക്കുന്നതിനും വേണ്ടിയാണ് രണ്ടു ഭൂപടങ്ങൾ പ്രത്യേകമായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതെന്നും ആശങ്ക വേണ്ടെന്നും പരിസ്ഥിതി വകുപ്പ് അറിയിച്ചു.
അതേസമയം, ഒന്നാമത്തെ ഭൂപടത്തിൽ വില്ലേജ് മുഴുവൻ ഉൾപ്പെടുത്തുകയും രണ്ടാമത്തേതിൽ വില്ലേജിനുള്ളിലെ വനപ്രദേശം മാത്രം രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുവെന്നും ഏതാണ് അന്തിമ ഭൂപടമെന്നതിന് പരിസ്ഥിതി വകുപ്പ് ഉത്തരം നൽകിയിട്ടില്ലെന്നും സ്വതന്ത്ര കർഷക സംഘടനയായ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ചെയർമാൻ അലക്സ് ഒഴുകയിൽ ആരോപിച്ചു. നിർദിഷ്ട ഇഎസ്എ വില്ലേജ് അതിർത്തി, നിർദിഷ്ട ഇഎസ്എ അതിർത്തി എന്നീ ഭൂപടങ്ങൾ പരിസ്ഥിതി വകുപ്പ് മേയിലാണ് സ്വന്തം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
വനാതിർത്തിയോടു ചേർന്നുള്ള സ്ഥലങ്ങളിലെ ഭൂരേഖകളും മറ്റും വീണ്ടും പരിശോധിക്കാനുള്ള സാധ്യത ആരാഞ്ഞ് തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി വകുപ്പ് ഡയറക്ടർക്ക് കത്തു നൽകിയിരുന്നു. ഇതേ തുടർന്നാണ്, രണ്ട് ഭൂപടങ്ങൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്. തദ്ദേശ തലത്തിൽ നടത്തിയ തിരുത്തലിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി വകുപ്പു തയാറാക്കിയ ഇഎസ്എ ഭൂപടം സംസ്ഥാന സർക്കാരിനു സൂക്ഷ്മ പരിശോധനയ്ക്കായി കൈമാറി. അന്തിമറിപ്പോർട്ട് അടുത്ത മാസം ആദ്യം കേന്ദ്രത്തിനു നൽകുമെന്നാണ് വിവരം.
നിലവിലെ ഇഎസ്എ ഭൂപടത്തിൽ നിന്ന് 200 ചതുരശ്ര കിലോമീറ്ററിലധികം ഒഴിവാക്കിയെന്നാണു അനൗദ്യോഗിക വിവരം. ഇതിനിടെയാണ് രണ്ടു ഭൂപടങ്ങൾ പ്രസിദ്ധീകരിച്ചതിനെതിരെ കിഫ ആരോപണവുമായി എത്തിയത്. അതേസമയം, ഇഎസ്എ ഭൂപടത്തിൽ നിന്നു ജനവാസ കേന്ദ്രങ്ങൾ പരമാവധി ഒഴിവാക്കുന്ന സമീപനം സർക്കാർ സ്വീകരിച്ചിരിക്കെ വിഷയത്തിൽ കിഫ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു.