ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാരിന് ‘പിടിവള്ളി’യായത് ഇരകളുടെ പേര് ഇല്ലാത്തത്
Mail This Article
തിരുവനന്തപുരം ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരോപണം ഉന്നയിച്ചവരുടെ പരാതി ലഭിച്ചാൽ കേസെടുക്കാമെന്നു സർക്കാർ പറയുന്നതിന്റെ സാങ്കേതിക ന്യായം, ഇരകളുടെ പേരുകൾ സംബന്ധിച്ച് റിപ്പോർട്ടിലുള്ള അവ്യക്തത. മൊഴി നൽകിയ സ്ത്രീകളുടെ പേര് കമ്മിറ്റി റിപ്പോർട്ടിൽ ഇല്ല. അന്വേഷണത്തിന്റെ ഭാഗമായി ഏതെങ്കിലും ഇരയുടെ മൊഴി പൊലീസിനു രേഖപ്പെടുത്തണമെങ്കിൽ കമ്മിറ്റി അധ്യക്ഷ ജസ്റ്റിസ് ഹേമയോ, അംഗങ്ങളായ നടി ശാരദ, കെ.ബി.വൽസല കുമാരി എന്നിവരോ പേരു പൊലീസിനോട് ആദ്യം വെളിപ്പെടുത്തണം. അങ്ങനെ വന്നാൽ ഇവരിലൊരാൾ കേസിൽ ആദ്യ സാക്ഷിയാകും.
വെളിപ്പെടുത്തൽ നടത്തിയ ഒരു ഇരയുടെയും പേരോ, വിശദാംശമോ മൊഴിക്കൊപ്പം രേഖപ്പെടുത്തിയിട്ടില്ലെന്നു കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രധാന രേഖകളിൽ മൊഴി നൽകിയവരുടെയെല്ലാം പേരുണ്ടായിരുന്നു. എന്നാൽ ചോദ്യാവലിക്ക് ഉത്തരം നൽകിയ സ്ത്രീകളുടെ പേരുകൾ അവരുടെ സ്വകാര്യത സംരക്ഷിക്കാൻ ഈ രേഖകളിൽനിന്നു നീക്കം ചെയ്തെന്നു കമ്മിറ്റി റിപ്പോർട്ടിലെ 40–ാം ഖണ്ഡികയിൽ പറയുന്നു. സിനിമ വ്യവസായത്തിന്റെ ആകെ ക്ഷേമം കൂടി ലക്ഷ്യമിട്ടാണ് ഇങ്ങനെ ചെയ്തതെന്നാണു വിശദീകരണം. സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനും റിപ്പോർട്ട് നൽകാനുമാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.
അവിടെ പേരുകൾ പ്രധാനമല്ലെന്നും ആരുടെയെങ്കിലും പേരു പറയുകയോ, നാണം കെടുത്തുകയോ, കുറ്റവാളികളെ കണ്ടെത്തുകയോ കമ്മിറ്റിയുടെ ഉത്തരവാദിത്തമായിരുന്നില്ലെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ചില സംവിധായകരുടെയും നടന്മാരുടെയും നല്ല പെരുമാറ്റത്തെക്കുറിച്ചും സ്ത്രീകൾ മൊഴി നൽകിയിരുന്നു. ഇവരുടെ പേരുകളും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നില്ല.