മലയാള സിനിമ: മുൻപും തിരുത്തലുകൾക്ക് സമിതികൾ, മലയാറ്റൂർ റിപ്പോർട്ട് വഴികാട്ടിയായി; അടൂർ കമ്മിറ്റിക്ക് അവഗണന
Mail This Article
തിരുവനന്തപുരം ∙ 96 വയസ്സായ മലയാളസിനിമയുടെ ചരിത്രത്തിൽ, പ്രവർത്തകരുടെ പ്രശ്നങ്ങളെക്കുറിച്ചു മൊഴിയെടുത്തും പഠിച്ചും തയാറാക്കിയ ആദ്യറിപ്പോർട്ടാണു ജസ്റ്റിസ് ഹേമ കമ്മിറ്റിയുടേതെങ്കിലും സിനിമയുമായി ബന്ധപ്പെട്ടു മുൻപും 2 കമ്മിറ്റി റിപ്പോർട്ട് നൽകിയിട്ടുണ്ട്. 1970 ൽ മലയാറ്റൂർ രാമകൃഷ്ണൻ കമ്മിറ്റിയും 2014 ൽ അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റിയും. മലയാള സിനിമയെ ചെന്നൈയിൽനിന്നു കേരളത്തിലേക്കു കൊണ്ടുവരാൻ മലയാറ്റൂർ കമ്മിറ്റി റിപ്പോർട്ട് വഴികാട്ടിയെങ്കിൽ സിനിമയിലെ തെറ്റായ പ്രവണതകൾ നിയന്ത്രിക്കാൻ നിയമപരമായ വഴികൾ ശുപാർശ ചെയ്ത് അടൂർ കമ്മിറ്റി നൽകിയ റിപ്പോർട്ട് അവഗണിക്കപ്പെട്ടു.
ലൈംഗികാതിക്രമങ്ങളുടെ വിവരങ്ങൾ ഉൾപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ടാകട്ടെ നാലര വർഷം രഹസ്യമാക്കിയ സർക്കാർ കാര്യമായ തുടർ നടപടിയൊന്നും സ്വീകരിച്ചില്ല. ആ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ സിനിമാനയം രൂപീകരിക്കാൻ ചലച്ചിത്ര വികസന കോർപറേഷൻ എംഡി കൂടിയായ സംവിധായകൻ ഷാജി എൻ.കരുണിന്റെ നേതൃത്വത്തിലുള്ള പുതിയൊരു കമ്മിറ്റിയെ കൂടി നിയോഗിക്കുകയാണ് ചെയ്തത്.
മലയാറ്റൂർ കമ്മിറ്റി
സി.അച്യുതമേനോൻ സർക്കാരിന്റെ കാലത്താണ് മലയാള സിനിമയുടെ വളർച്ചയ്ക്കു നിർദേശങ്ങൾ സമർപ്പിക്കാൻ മലയാറ്റൂർ രാമകൃഷ്ണൻ അധ്യക്ഷനും പ്രേംനസീറും കുഞ്ചാക്കോയും അടക്കം അംഗങ്ങളുമായ കമ്മിറ്റിയെ വച്ചത്. പൊതുമേഖലയിൽ സിനിമ സ്റ്റുഡിയോയും ഫിലിം ആർക്കൈവ്സും സ്ഥാപിക്കണമെന്നായിരുന്നു പ്രധാന ശുപാർശ. ചലച്ചിത്രനിർമാണത്തിന് സർക്കാർ വായ്പ നൽകണമെന്നും നിർദേശിച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥാപിച്ചതിനും കെഎസ്എഫ്ഡിസിയുടെ രൂപീകരണത്തിനും ഈ റിപ്പോർട്ട് വഴികാട്ടിയായി.
അടൂർ കമ്മിറ്റി
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് രൂപീകരിച്ച അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റിയുടെ മുഖ്യ ശുപാർശ അനാവശ്യ പ്രവണതകൾ ഒഴിവാക്കാൻ നിയമനിർമാണവും നിയന്ത്രണ അതോറിറ്റിയും വേണമെന്നതായിരുന്നു. രണ്ടും പ്രഖ്യാപനത്തിലൊതുങ്ങി. തിയറ്ററുകളുടെ ക്ലാസിഫിക്കേഷൻ മാത്രമാണു നടപ്പായ നിർദേശം.
ഷാജി കമ്മിറ്റി
ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്നവരുടെ തൊഴിൽ അവകാശങ്ങൾകൂടി സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള സിനിമാനയത്തിന്റെ കരടു രൂപപ്പെടുത്തുകയാണ് കഴിഞ്ഞ വർഷം നിയോഗിച്ച ഷാജി കമ്മിറ്റി. സ്ത്രീസുരക്ഷയ്ക്കും ന്യായമായ വേതനം ലഭ്യമാക്കുന്നതിനും മുൻഗണന നൽകുന്നതാകും നയമെന്നാണു പ്രഖ്യാപനം. നവംബറോടെ കരടു തയാറായേക്കും. ഇതുകൂടി ചർച്ച ചെയ്യാനാണു സർക്കാർ കോൺക്ലേവ് സംഘടിപ്പിക്കുന്നത്.