വയനാട് പുനരധിവാസ പാക്കേജ് സർവകക്ഷിയോഗം ഇന്ന്; ആദ്യം പ്രതിപക്ഷവുമായി ചർച്ച
Mail This Article
തിരുവനന്തപുരം ∙ വയനാട് പുനരധിവാസ പാക്കേജ് തീരുമാനിക്കുന്നതിനു മുൻപു പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുക്കാൻ സർക്കാർ. ഇന്നു വൈകിട്ട് ഓൺലൈനിൽ ചേരുന്ന സർവകക്ഷിയോഗത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായും ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. രാവിലെ 9.30നാണു കൂടിക്കാഴ്ച. സർക്കാർ ഉദ്ദേശിക്കുന്ന പാക്കേജ് പ്രതിപക്ഷ നേതാക്കളുടെ മുൻപിൽ അവതരിപ്പിക്കും. ഇതിനുശേഷം ചേരുന്ന മന്ത്രിസഭാ യോഗത്തിലും വച്ചശേഷമാകും പാക്കേജിന്റെ കരട് വൈകിട്ടു നാലരയ്ക്കു ചേരുന്ന സർവകക്ഷിയോഗത്തിൽ അവതരിപ്പിക്കുക.
വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നു പൂർണമായ പിന്തുണ തുടക്കം മുതൽ സർക്കാരിനു നൽകിയിരുന്നു. ഈ സാഹചര്യത്തിൽ പരാതിക്കിടയില്ലാതെ പാക്കേജ് നടപ്പാക്കുന്നതിനു പ്രതിപക്ഷത്തിന്റെ അഭിപ്രായം കൂടി കേൾക്കാമെന്നു സർക്കാർ തീരുമാനിക്കുകയായിരുന്നു. നേരത്തേ മുഖ്യമന്ത്രിയെ സന്ദർശിച്ച പ്രതിപക്ഷ നേതാവ് ചില നിർദേശങ്ങളും നൽകിയിരുന്നു. ‘കമ്യൂണിറ്റി ലിവിങ്’ സാധ്യമാകുന്ന തരത്തിലുള്ള ടൗൺഷിപ് മാതൃക, കൃഷിക്കുള്ള സൗകര്യം, കടങ്ങൾ എഴുതിത്തള്ളൽ, ഓരോ കുടുംബത്തിനും പ്രത്യേക മൈക്രോ ലെവൽ പാക്കേജ് തുടങ്ങിയവയായിരുന്നു നിർദേശങ്ങൾ. സാമൂഹികജീവിതം സാധ്യമാകുന്ന ടൗൺഷിപ് തന്നെയാണു സർക്കാരിന്റെയും പദ്ധതി. ഒന്നോ, ഒന്നിലധികമോ എന്ന ആലോചന പ്രതിപക്ഷത്തിനു മുന്നിൽ വയ്ക്കും. കോൺഗ്രസും മുസ്‍ലിം ലീഗുമെല്ലാം വീടുകളും മറ്റു സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുൾപ്പെടെയുള്ള വാഗ്ദാനങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിലും പ്രതിപക്ഷത്തിന്റെ നിർദേശം പരിഗണിക്കും.