വ്യാജരേഖ നൽകി പാസ്പോർട്ട് തരപ്പെടുത്തൽ; ഒളിവിലായിരുന്ന പൊലീസുകാരൻ കീഴടങ്ങി
Mail This Article
തിരുവനന്തപുരം∙ വ്യാജ തിരിച്ചറിയൽ രേഖകൾ ചമച്ചു ക്രിമിനൽ കേസ് പ്രതികളായ 13 പേർക്കു പാസ്പോർട്ടുകൾ തരപ്പെടുത്തി നൽകിയ കേസിൽ 3 മാസമായി ഒളിവിൽ കഴിഞ്ഞ പൊലീസുകാരൻ കീഴടങ്ങി. തുമ്പ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അൻസിൽ അസീസ് ആണ് ക്രൈംബ്രാഞ്ചിന്റെ ജവാഹർ നഗറിലുള്ള ഓഫിസിൽ എത്തി കീഴടങ്ങിയത്. കേസിൽ മൂന്നാം പ്രതിയാണ് അൻസിൽ. അന്വേഷണ സംഘം അൻസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. വിശദമായ ചോദ്യം ചെയ്യലിനായി അൻസിലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും.
സംഭവ ശേഷം ഒളിവിൽ പോയ അൻസിൽ ഹൈക്കോടതിയിൽ മുൻകൂർജാമ്യാപേക്ഷ നൽകിയിരുന്നു. ഇതു കോടതി തള്ളിയതിനു പിന്നാലെയാണ് പ്രതി കീഴടങ്ങിയത്. കേസിൽ നിന്ന് അൻസിലിനെ ഒഴിവാക്കാൻ ഉദ്യോഗസ്ഥർ ഒത്തുകളിച്ചത് വിവാദമായിരുന്നു. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലും പാസ്പോർട്ട് വെരിഫിക്കേഷൻ വിഭാഗത്തിൽ അൻസിൽ ഉണ്ടായിരുന്നു. വ്യാജ രേഖയാണെന്ന് അറിഞ്ഞിട്ടും വൻ തുക കൈക്കൂലി വാങ്ങി വെരിഫിക്കേഷൻ ക്ലിയർ ചെയ്തു നൽകിയെന്നാണ് കേസ്.
പൂന്തുറ, തുമ്പ, കഴക്കൂട്ടം സ്റ്റേഷനുകളിൽ 2018 മുതൽ വെരിഫിക്കേഷൻ ചെയ്ത പാസ്പോർട്ടുകളിൽ പലതും വ്യാജ മാണെന്നാണു സംശയം. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തി പാസ്പോർട്ട് വെരിഫിക്കേഷനു നൽകിയ രേഖയിൽ കാണിച്ച വിലാസത്തിൽ പൊലീസ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് വൻ തട്ടിപ്പ് പുറത്ത് എത്തിച്ചത്. പൂന്തുറയിൽ ക്രിമിനൽ കേസുകളിലെ പ്രതിക്ക് വ്യാജ പാസ്പോർട്ട് തരപ്പെടുത്താൻ കൂട്ടുന്നതിനു സസ്പെൻഡ് ചെയ്ത സിപിഒ പ്രവീണിനെ ഇതുവരെ അറസ്റ്റ് ചെയ്യാനായില്ല.