പറഞ്ഞുകേട്ടതിന്റെ അടിസ്ഥാനത്തിലെ പരാതി: തെളിവ് നൽകണം
Mail This Article
തിരുവനന്തപുരം ∙ സിനിമാ മേഖലയിൽ സ്ത്രീകൾക്കെതിരെ നടന്ന അതിക്രമം സംബന്ധിച്ച് ഡിജിപിക്ക് ഇമെയിൽ വഴി ലഭിക്കുകയും സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിനു (എസ്ഐടി) കൈമാറുകയും ചെയ്ത പരാതികളിൽ 6 എണ്ണം നേരിട്ട് അതിജീവിതകൾ നൽകിയവയല്ല. ഇത്തരത്തിൽ ചില സംഭവങ്ങളുണ്ടായെന്ന് മറ്റൊരാൾ പറഞ്ഞുകേട്ടതും അറിഞ്ഞതുമായ വിവരങ്ങൾ ചേർത്ത് പരാതിയായി നൽകിയതാണ്.
ഇൗ പരാതികളിൽ നേരിട്ടു മൊഴിനൽകാനോ കൂടുതൽ വിവരങ്ങൾ നേരിട്ട് നൽകാനോ പീഡനത്തിനിരയായ ആരെങ്കിലും തയാറായാൽ മാത്രമേ തുടർനടപടിയുണ്ടാകൂ. ഇതുവരെ ലഭിച്ച 16 പരാതികളിൽ 9 കേസുകൾ റജിസ്റ്റർ ചെയ്തത് പരാതിപ്പെട്ടവർ മൊഴി നൽകാൻ തയാറായതിനെ തുടർന്നാണ്. മറ്റൊരു പരാതി, നിലവിൽ കേസെടുത്ത ഒരു നടനെക്കുറിച്ചുള്ളതാണ് എന്നതിനാൽ ഇതിനോടൊപ്പം അന്വേഷിക്കും.
നിലവിൽ അതത് പൊലീസ് സ്റ്റേഷനുകളിൽ എടുത്ത കേസുകൾ എസ്ഐടിക്ക് കൈമാറും. ഇൗ കേസുകളിലെല്ലാം തെളിവുകൾ കണ്ടെത്തുകയെന്നതാണ് ഇനി അടുത്ത നടപടി. തിടുക്കപ്പെട്ട് അറസ്റ്റ് നടപടികളിലേക്ക് ഇപ്പോൾ കടക്കേണ്ടെന്നാണ് ലഭിച്ചിട്ടുള്ള നിർദേശം. കേസുമായി മുന്നോട്ടുപോകുന്നതിനുള്ള തെളിവുകൾ കിട്ടിയ ശേഷമായിരിക്കും അറസ്റ്റും മറ്റു നടപടികളും.