ADVERTISEMENT

തിരുവനന്തപുരം ∙ എംഎൽഎ സ്ഥാനത്തു നിന്നുള്ള മുകേഷിന്റെ രാജി അനിവാര്യമെന്ന വിലയിരുത്തലിൽ സിപിഐ. ഓ‍ൺലൈനായി ചേർന്ന നിർവാഹകസമിതി യോഗത്തിൽ 3 പേരൊഴികെ എല്ലാവരും മുകേഷിനെ സംരക്ഷിക്കുന്ന സിപിഎം നിലപാടിനോടു വിയോജിച്ചു. സിപിഐ അനാവശ്യമായ തിടുക്കവും താൽപര്യവുമാണ് ഇക്കാര്യത്തിൽ കാട്ടുന്നതെന്ന നീരസത്തിലായി ഇതോടെ സിപിഎം. 

ലൈംഗികാരോപണങ്ങൾ ഉയർന്നാൽ മാത്രം രാജിവയ്ക്കേണ്ട കാര്യമില്ലെന്ന മുൻനിലപാട് ഇക്കാര്യത്തിൽ തിരുത്തേണ്ടി വരുമെന്ന അഭിപ്രായമാണ് സിപിഐ നേതൃയോഗത്തിൽ ഉണ്ടായത്. ചലച്ചിത്രമേഖലയിലെ ദുഷ്പ്രവണതകൾ അവസാനിപ്പിക്കുമെന്ന പ്രഖ്യാപനം ആത്മാർഥമാണെങ്കിൽ ആരോപണങ്ങൾ നേരിടുന്ന ഭരണപക്ഷ എംഎൽഎയെ ആ പദവിയിൽ വച്ചു കൊണ്ടിരിക്കരുത്.

സർക്കാർ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതോടെ ദുരനുഭവങ്ങൾ തുറന്നു പറയാൻ ഒട്ടേറെ സ്ത്രീകൾ മുന്നോട്ടു വരുന്നു. ഭരണ നേതൃത്വത്തിന്റെ ഭാഗമായ ഒരാൾക്കെതിരെ കൂടി അവർ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അയാളെ സംരക്ഷിക്കുകയല്ല വേണ്ടത്. പകരം ഒഴിവാക്കിക്കൊണ്ടാണ് അവർക്ക് ഐക്യദാർഢ്യം തീർക്കേണ്ടത്.

ഒരു വ്യവസായത്തെ ബാധിച്ച ജീർണത ഇടതുപക്ഷത്തിന്റെ ജനപ്രതിനിധിയെ ബാധിച്ചിട്ടുണ്ടെങ്കിൽ സംരക്ഷിക്കുന്ന ബാധ്യത മുന്നണിക്കില്ലെന്നു തീർത്തുപറയുന്നതായി സിപിഐ യോഗം. ഇക്കാര്യം പരസ്യമായി ഉന്നയിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. സിപിഎമ്മിനെ ധരിപ്പിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. മുകേഷിനെ തൽക്കാലം സിപിഎം സംരക്ഷിച്ചേക്കുമെങ്കിലും അറസ്റ്റിലേക്കു കാര്യങ്ങൾ നീണ്ടാൽ എംഎൽഎ സ്ഥാനം ഒഴിയേണ്ടിവരുമെന്നു തന്നെ അവർ കരുതുന്നു.

ലൈംഗിക ആരോപണങ്ങളുടെ പേരിൽ രാജി എന്ന പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ചാൽ ആർക്കെതിരെയും ആരോപണവും രാജി ആവശ്യവും ഉയരാമല്ലോ എന്ന ചോദ്യമാണ് സിപിഎമ്മിന്റേത്. കേസന്വേഷണത്തെ സ്വാധീനിക്കാവുന്ന അധികാരം മന്ത്രിമാർക്ക് ഉണ്ടെന്നതിനാൽ രാജിവയ്ക്കണമെന്ന ആവശ്യം ഉയരുകയും അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കൊല്ലത്ത് ഉപതിര‍ഞ്ഞെടുപ്പും സിപിഎം ആഗ്രഹിക്കുന്നില്ല.

English Summary:

Mukesh's resignation: CPI puts pressure on CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com