കാറ്റിൽ റോഡിലേക്ക് വീണ മരത്തിൽ ഓട്ടോറിക്ഷയിടിച്ച് ഡ്രൈവർ മരിച്ചു
Mail This Article
വെളിയന്നൂർ (കോട്ടയം) ∙ കാറ്റിൽ റോഡിലേക്കു കടപുഴകിയ മരത്തിൽ ഓട്ടോറിക്ഷയിടിച്ച് മത്സ്യവിൽപനക്കാരൻ മരിച്ചു. വൈക്കം– തൊടുപുഴ റോഡിൽ കാഞ്ഞിരമല ഭാഗത്തു കോൺവന്റിനു സമീപം ഇന്നലെ പുലർച്ചെ ഒന്നരയോടെ ഉണ്ടായ അപകടത്തിലാണ് തൃശൂർ ചുവന്നമണ്ണ് വള്ളിക്കാട്ടിൽ വീട്ടിൽ ബിജു ജോസ് (42) മരിച്ചത്. ഒന്നര വർഷമായി വെളിയന്നൂർ–അരീക്കര റോഡിൽ മത്സ്യവിൽപന നടത്തുന്ന ബിജു കാഞ്ഞിരമല ഭാഗത്തു വാടകവീട്ടിലാണ് താമസിക്കുന്നത്.
ഇന്നലെ പുലർച്ചെ വിൽപനയ്ക്കുള്ള മത്സ്യം വാങ്ങുന്നതിനായി ഓട്ടോറിക്ഷയിൽ പോകുമ്പോഴായിരുന്നു അപകടം. രാത്രി ഈ ഭാഗത്തുണ്ടായ കാറ്റിൽ ആഞ്ഞിലിമരം റോഡിലേക്കു വീണുകിടക്കുകയായിരുന്നു. ഇതിൽ ഇടിച്ച് ഓട്ടോ മറിഞ്ഞു. ഓട്ടോയിൽ നിന്നു തെറിച്ചു വീണ ബിജുവിന്റെ തലയ്ക്കു പരുക്കേറ്റു. അഗ്നിരക്ഷാസേനയെത്തി ഉടൻ കൂത്താട്ടുകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബ്ലെസി. മക്കൾ: ജഫ്രിൻ, ജസ്റ്റീന, ജസീയ (മൂവരും വിദ്യാർഥികൾ)
മരം കടപുഴകി സമീപത്തെ വൈദ്യുതത്തൂണുകൾ തകർന്നതിനാൽ ആംബുലൻസിന് എത്താൻ വഴിയുണ്ടായിരുന്നില്ല. കൂത്താട്ടുകുളം അഗ്നിരക്ഷാസേന മരച്ചില്ലകൾ മുറിച്ചുമാറ്റി വഴിയൊരുക്കി. അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജെ.രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ രണ്ടു മണിക്കൂറോളം ശ്രമം നടത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.