ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം
Mail This Article
കൊല്ലം∙ അടുക്കളയിൽ പാചകം ചെയ്തുകൊണ്ടു നിന്ന ഭാര്യയെ പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 2.60 ലക്ഷം രൂപ പിഴയും ശിക്ഷ. ചവറ നീലേശ്വരം തോപ്പ് ശരണ്യ ഭവനിൽ ശരണ്യയെ (34) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് എഴുകോൺ സ്വദേശി ഷിജു (ബിനു–42) വിനെയാണ് കൊല്ലം നാലാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്.സുഭാഷ് ശിക്ഷിച്ചത്.
കൊലപാതകത്തിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വീട്ടിൽ അതിക്രമിച്ചു കയറിയതിന് 5 വർഷം കഠിനതടവും 50,000 രൂപ പിഴയും, ഗാർഹിക പീഡനത്തിന് 2 വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിനു കാരണം. ഭർത്താവിന്റെ ശാരീരിക പീഡനത്തെ തുടർന്നു മക്കളുമായി ചവറയിലെ കുടുംബ വീട്ടിലേക്കു താമസം മാറിയ ശരണ്യയെ അവിടെയെത്തിയാണ് കൊലപ്പെടുത്തിയത്.
2022 ഫെബ്രുവരി 25ന് പുലർച്ചെ ആയിരുന്നു സംഭവം. തലേന്നു രാത്രി 12 ന് എഴുകോണിൽ നിന്ന് കൊല്ലത്ത് എത്തിയ ഷിജു ജില്ല ആശുപത്രിക്ക് സമീപത്തെ കടയിൽ നിന്നു പ്ലാസ്റ്റിക് ബക്കറ്റ് വാങ്ങുകയും തുടർന്നു ശക്തികുളങ്ങരയിലെ പമ്പിൽ നിന്നു ബക്കറ്റ് നിറയെ പെട്രോൾ വാങ്ങി ശരണ്യയുടെ വീടിനു സമീപം എത്തി പുലർച്ച വരെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു.
രാവിലെ 6 മണിയോടെ ശരണ്യയുടെ അമ്മ പിൻവശത്തെ വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോൾ അതുവഴി അടുക്കളയിൽ കയറിയ ബിനു, പാചകം ചെയ്യുകയായിരുന്ന ശരണ്യയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. 6, 8 ക്ലാസുകളിൽ പഠിക്കുന്ന 2 മക്കൾ അടുത്തമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു.
അടുക്കളയിലെ ഫ്രിജ് ഉൾപ്പെടെയുള്ളവയ്ക്കു തീ പിടിച്ചെങ്കിലും വീടിന് തീ പിടിക്കാതിരുന്നതിനാൽ മറ്റുള്ളവർ രക്ഷപ്പെട്ടു. പ്രതിക്കു വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ചവറ സിഐ ആയിരുന്ന എ.നിസാമുദ്ദീൻ ആണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.നിയാസ് ഹാജരായി. പ്രോസിക്യൂഷൻ സഹായിയായി എഎസ്ഐ സാജു ഹാജരായി.