ADVERTISEMENT

തിരുവനന്തപുരം ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ സിനിമ മേഖലയിൽ പുറത്തുവന്ന ലൈംഗികാതിക്രമ, പീഡന പരാതികളിൽ ഇന്നലെവരെ 17 പേർക്കെതിരെ കേസുകൾ റജിസ്റ്റർ ചെയ്തു. 17 പരാതികളാണ് ആദ്യം ലഭിച്ചത്. ചിലതു നേരിട്ടുള്ളവയായിരുന്നില്ലെങ്കിലും ഇരയെ കണ്ടെത്തി പരാതി വാങ്ങിയാണ് കേസെടുത്തത്. നടന്മാരായ സിദ്ദിഖ്, മുകേഷ്, ഇടവേള ബാബു എന്നിവർക്കെതിരെയാണു ബലാൽസംഗക്കുറ്റം ചുമത്തിയിട്ടുള്ളത്.

നടൻ ബാബുരാജിനെതിരായ പരാതിക്കാരി യാത്രയിലാണെന്നറിയിച്ചു. ഓൺലൈനായി മൊഴി നൽകാൻ അവർ സന്നദ്ധയായിട്ടുണ്ട്. മൊഴി ലഭിച്ചാലുടൻ കേസെടുത്തേക്കും. ലോയേഴ്സ് കോൺഗ്രസ് നേതാവ് വി.എസ്.ചന്ദ്രശേഖരനെതിരെ പീഡനക്കുറ്റമാണു ചുമത്തിയിട്ടുള്ളത്. ബലപ്രയോഗത്തിലൂടെ സ്ത്രീത്വത്തെ അപമാനിക്കലിന് ഐപിസി 354 വകുപ്പു പ്രകാരമാണ് ബാക്കിയുള്ളവർക്കെതിരെ കേസ്. 

യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന മൊഴിയിൽ രഞ്ജിത്തിനെതിരെ കസബ പൊലീസ് എടുത്ത കേസ് ബെംഗളൂരു പൊലീസിനു കൈമാറും. കുറ്റകൃത്യം നടന്നതായി ആരോപിച്ചതു ബെം‌ഗളൂരുവിലെ ഹോട്ടലിലായതിനാലാണിത്. ‘ബ്രോ ഡാഡി’ സിനിമയുടെ സെറ്റിൽ പീഡിപ്പിച്ചുവെന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ ഹൈദരാബാദ് പൊലീസ് നേരത്തേ കേസെടുത്തിരുന്നതിനാൽ കേരളത്തിൽ ഇനി നടപടിയെടുക്കില്ല. 

തെളിവുകളെല്ലാം ശേഖരിച്ച ശേഷം അറസ്റ്റിലേക്കും മറ്റു നടപടികളിലേക്കും പോകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അതിജീവിതയുടെ മൊഴി മാത്രം സ്വീകരിച്ച് കേസെടുക്കാമെന്ന സുപ്രീം കോടതി വിധിയുള്ളതിനാൽ അത് അടിസ്ഥാനമാക്കിയാണ് നിലവിൽ എല്ലാ പരാതികളിലും മുന്നോട്ട് പോകുന്നത്. 

മുകേഷിന്റെ കാര്യത്തിൽ അറസ്റ്റ് നടപടികൾ 5 ദിവസത്തേക്ക് കോടതി തടഞ്ഞിട്ടുണ്ട്. പ്രതി ചേർക്കപ്പെട്ടവർ വരും ദിവസങ്ങളിൽ കോടതിയെ സമീപിക്കുമെന്നതിനാൽ അതുകൂടി പരിശോധിച്ച ശേഷമാകാം അറസ്റ്റും നടപടികളും. 

ഓരോ പരാതിയിലും വനിതാ ഓഫിസർ മൊഴിയെടുത്ത ശേഷം മൊഴി കുറ്റകൃത്യം നടന്ന സ്ഥലത്തെ സ്റ്റേഷനിലേക്ക് നൽകും. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ എസ്പിമാർ നിയമപരമായ കാര്യങ്ങൾ പരിശോധിച്ചു വകുപ്പുകൾ നിശ്ചയിച്ച് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ സ്റ്റേഷനുകൾക്ക് നിർദേശം നൽകും. ഇൗ എഫ്ഐആറുകൾ അന്വേഷണത്തലവൻ ഐജി ജി. സ്പർജൻ കുമാറിന് നൽകും. അദ്ദേഹമാണ് അന്വേഷണ സംഘത്തെ നിശ്ചയിക്കുന്നത്. ഇതനുസരിച്ച് ഡിജിപി പ്രത്യേക ഉത്തരവിറക്കിയാണ് അന്വേഷണം തുടങ്ങുന്നത്. 

സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന് ഇമെയിൽ വഴിയും നേരിട്ടും പരാതികൾ ലഭിക്കുന്നുണ്ട്. പണം കിട്ടാനുണ്ടെന്നുള്ള പുരുഷൻമാരുടെ പരാതികളും ഇതിൽ പെടുന്നു.

English Summary:

Sexual assault and harassment complaints in film industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com