ADVERTISEMENT

തിരുവനന്തപുരം ∙ ഇ.പി.ജയരാജനെ ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്നു നീക്കിയത് ഒരേസമയം മുകളിൽനിന്നും താഴെനിന്നുമുള്ള സമ്മർദങ്ങളും വിമർശനങ്ങളും കണക്കിലെടുത്ത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ കേന്ദ്രനേതൃത്വം, ചില ബിജെപി ചായ്‌വുള്ള  പ്രതികരണങ്ങൾ ജയരാജൻ നടത്തിയത് ഗൗരവത്തിലെടുത്തു. സംസ്ഥാന കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് കീഴ്‌ഘടകങ്ങളിൽ ചർച്ച ചെയ്യപ്പെട്ടപ്പോൾ ഇ.പിക്കെതിരെ അഭിപ്രായം പറയാനും ആളുണ്ടായി.

സമ്മേളനത്തലേന്ന് നടപടി 
ബിജെപിയിലേക്കുള്ള ഇടതു വോട്ടിന്റെ ചോർച്ചയിലാണ് കേന്ദ്രകമ്മിറ്റി ഏറ്റവും ഉത്കണ്ഠ പ്രകടിപ്പിച്ചത്. ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും കൊടികളുടെ നിറത്തിൽ മാത്രമേ വ്യത്യാസം ഉള്ളൂവെന്ന പ്രചാരണം കേരളത്തിൽ ബോധപൂർവം നടക്കുന്നുണ്ടെന്ന നിഗമനം പാർട്ടിക്കുണ്ട്. അക്കൂട്ടർക്കു സഹായകരമായ  നടപടികളും പ്രതികരണങ്ങളും എൽഡിഎഫ് കൺവീനറിൽ നിന്നുണ്ടായി. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറിനെ കണ്ടതു മാത്രമല്ല, അതിലെന്താണ് കുഴപ്പമെന്നു ചോദിച്ചത് അതിലൊന്നു മാത്രം. ജയരാജന്റെ റിസോർട്ട്, രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായി മാറിയ ശേഷം ബിജെപി രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയുമായി കരാറിലേർപ്പെട്ടത് ജാഗ്രതക്കുറവിന് തെളിവായി പാർട്ടി കണ്ടു.  

തിരഞ്ഞെടുപ്പിലെ വൻ തോൽവിക്കു ശേഷം ജില്ലാ കമ്മിറ്റി മുതൽ ബ്രാഞ്ച് വരെ ഉണ്ടായ വിമർശന കുത്തൊഴുക്കിൽ  ജയരാജനെതിരെ പഴി ഉയർന്നപ്പോഴെല്ലാം അക്കാര്യം പാർട്ടി പരിശോധനയ്ക്കു വിധേയമാണെന്ന മറുപടിയാണ് നേതൃത്വം നൽകിവന്നത്. ആ അധ്യായം അവസാനിപ്പിക്കാനും ഉന്നതൻ തെറ്റു ചെയ്താൽ നടപടിയെടുക്കുമെന്ന് വിശദീകരിക്കാനും വേണ്ടിയാണ് സമ്മേളനങ്ങൾ തുടങ്ങുന്നതിന് തലേന്നുള്ള  നടപടി.

കൺവീനർ കണ്ണൂരിൽ
ജയരാജൻ എൽഡിഎഫ് കൺവീനറായി ചില യോഗങ്ങളിൽ പങ്കെടുക്കുകയും പ്രസ്താവനകൾ നടത്തുകയും ചെയ്തതല്ലാതെ  ഉത്തരവാദിത്തം നിർവഹിക്കാൻ താൽപര്യപ്പെടുകയോ സമയം കണ്ടെത്തുകയോ ചെയ്തില്ലെന്നാണ് സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ നേതൃത്വം വ്യക്തമാക്കിയത്. കൺവീനർമാർ എകെജി സെന്റർ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കേണ്ടതെങ്കിലും  ജയരാജൻ കൂടുതൽ സമയവും കണ്ണൂരിലായിരുന്നു. സിപിഎം–സിപിഐ സെക്രട്ടറിതല ചർച്ച നടക്കാറുണ്ടെങ്കിലും മറ്റു പാർട്ടികൾ പ്രശ്നങ്ങൾ ധരിപ്പിച്ചിരുന്നത് കൺവീനറോടാണ്. 

കേരളത്തിൽ നിന്നുള്ള പൊളിറ്റ്ബ്യൂറോ അംഗങ്ങളുടെ യോഗം ഇ.പിക്ക് പകരക്കാരനായി എ.കെ.ബാലനെയാണ് നിർദേശിച്ചത്. തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ആ ജോലി ഫലപ്രദമായി നിർവഹിക്കാനുള്ള മാനസികവും ശാരീരികവുമായുള്ള ആരോഗ്യം തനിക്കില്ലെന്നറിയിച്ച് ബാലൻ ഒഴി‍ഞ്ഞു. തുടർന്ന് യോഗത്തിൽ ഇല്ലാതിരുന്ന  ടി.പി.രാമകൃഷ്ണനുമായി ആശയവിനിമയം നടത്തി അദ്ദേഹത്തെ തീരുമാനിച്ചു.

നേരത്തേ ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തെത്തുടർന്ന് സിഐടിയു പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും ബാലൻ പിന്മാറി പകരം ടി. പി.രാമകൃഷ്ണനെ തീരുമാനിക്കുകയായിരുന്നു.

ഗൂഢാലോചന അറിഞ്ഞ് ഇ.പി
മറ്റു സംഘടനാ  നടപടി ഉണ്ടാകില്ലെന്ന്  വ്യക്തമാക്കിയ സാഹചര്യത്തിൽ ഇ.പി പാർട്ടിക്കൊപ്പം  തുടരുമെന്നാണ് നേതൃത്വം കരുതുന്നത്. പ്രതിഷേധവും പിണക്കവും അദ്ദേഹത്തിന്റെ സ്വഭാവമാണെന്ന് അവർ പറയുന്നു. എന്നാൽ പാർട്ടി തീരുമാനത്തിലുള്ള അനിഷ്ടം അറിയിച്ചും അത് അംഗീകരിക്കാതെയും തന്നെയാണ് ഇ.പി എകെജി സെന്റർ വിട്ടത്. പാർട്ടിയുമായി തെറ്റിയ പല ഘട്ടങ്ങളിലും രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നടത്തിയിട്ടുണ്ട്. പൊതുരംഗത്തുണ്ടാകുമെന്നും സിപിഎം രാഷ്ട്രീയത്തിന്റെ ഭാഗമായി  ഇനിയില്ലെന്നുമാണ് ചിലരെ  അദ്ദേഹം അറിയിച്ചത്. കൺവീനർ സ്ഥാനത്ത് നിന്നുള്ള പുറന്തള്ളൽ തരംതാഴ്ത്തലാണെന്നും അപമാനിക്കലാണെന്നും അവരോട് ആവർ‍ത്തിക്കുന്നു. പാർട്ടിക്കുള്ളിൽ നിന്ന് നിരന്തരം ഗൂഢാലോചന നടക്കുകയാണെന്നും വിശ്വസിക്കുന്നു.

English Summary:

EP's responses helped BJP as per CPM's evaluation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com