കേന്ദ്ര കമ്മിറ്റിയും കൈവിട്ടാൽ രാഷ്ട്രീയം വിടാൻ ഇ.പി
Mail This Article
കണ്ണൂർ ∙ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പേരിൽ സിപിഎം കേന്ദ്ര കമ്മിറ്റിയിലും നടപടി നേരിടേണ്ടിവന്നാൽ രാഷ്ട്രീയം മതിയാക്കാനൊരുങ്ങി കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ. സമയമാകുമ്പോൾ പ്രതികരിക്കാമെന്ന് ഇ.പി പറയുന്നതിന്റെ അർഥം മറ്റൊന്നല്ല. പക്ഷേ, മറ്റു പാർട്ടികളിൽ ചേരാനുള്ള സാധ്യത നിലവിലില്ലെന്നാണു വിവരം.
എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ.പിയെ നീക്കിയത് കേരളത്തിൽനിന്നുള്ള പൊളിറ്റ്ബ്യൂറോ അംഗങ്ങളുടെകൂടി തീരുമാനപ്രകാരമാണ്. ഇ.പി കേന്ദ്രകമ്മിറ്റി അംഗമായതിനാൽ നടപടി അവിടെ റിപ്പോർട്ട് ചെയ്യപ്പെടും. തനിക്കു പറയാനുള്ളതു മുൻകൂട്ടി കേന്ദ്രനേതൃത്വത്തെ അറിയിക്കാൻ ഇ.പി തയാറെടുക്കുന്നതായി സൂചനയുണ്ട്. കേന്ദ്രകമ്മിറ്റി കൂടി കൈവിട്ടാലേ, കടുത്ത തീരുമാനങ്ങളിലേക്കു കടക്കൂ.
ഇ.പിയുടെ ഓഹരിപങ്കാളിത്തത്തിൽ തുടങ്ങിയ ആയുർവേദ റിസോർട്ട് പാർട്ടിയിൽ വിവാദമായപ്പോൾ തലയൂരാൻ നടത്തിപ്പു കൈമാറേണ്ടിവന്നു. അതിന് ആളെത്തേടി നടക്കുന്നതിനിടെ വന്നുചാടിയ കച്ചവടക്കെണിയാണു പുകിലായതെന്നു കരുതുന്നവരുണ്ട്. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള കമ്പനിക്കാണ് റിസോർട്ട് നടത്തിപ്പു കൈമാറിയത്. ആ ബിസിനസ് ബന്ധത്തിന്റെ ഭാഗമായി നടന്ന കൂടിക്കാഴ്ചയാണു രാഷ്ട്രീയമായി വ്യാഖ്യാനപ്പെട്ടതെന്ന വാദമുയരുന്നുണ്ട്.
കൂടിക്കാഴ്ചയിൽ രാഷ്ട്രീയം വിഷയമായില്ലെന്നാണ് ഇ.പി ആണയിട്ടു പറഞ്ഞത്. ഈ സംഭവം തിരഞ്ഞെടുപ്പുസമയത്തു മറ്റൊരു രീതിയിൽ ഉപയോഗപ്പെടുത്തിയതിനു പിന്നിൽ ഗൂഢാലോചന നടന്നതായി ഇ.പി സംശയിക്കുന്നു.
ജാവഡേക്കറുമായി കൂടിക്കാഴ്ച നടന്നെന്നു സാക്ഷ്യം പറയാൻ ദല്ലാൾ നന്ദകുമാറിനെ ലോക്സഭാ വോട്ടെടുപ്പു ദിവസം ഒരു ചാനൽ സ്റ്റുഡിയോയിൽ തയാറാക്കി നിർത്തിയിരുന്നെന്നും അ ത് അറിയാവുന്നതുകൊണ്ടാണ് മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ ഒഴിഞ്ഞുമാറാൻ കഴിയാതിരുന്നതെന്നുമാണ് ഇ.പിയുടെ വിശദീകരണം. ആ കെണിയൊരുക്കിയതിൽ പാർട്ടിക്കകത്തെ ചിലർക്കു ബന്ധമുള്ളതായും അദ്ദേഹം സംശയിക്കുന്നു.
വരുന്നു, ഇ.പിയുടെ ആത്മകഥ
ആത്മകഥ എഴുതുന്നുണ്ടെന്നും അതിൽ കാര്യങ്ങളെല്ലാം പറയാമെന്നും പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് ഇ.പി വെളിപ്പെടുത്തി. രണ്ടുവർഷം മുൻപു തുടങ്ങിയ ആത്മകഥയെഴുത്ത് അവസാനഘട്ടത്തിലാണെന്നാണു വ്യക്തമാക്കിയിരിക്കുന്നത്. തന്റെ രാഷ്ട്രീയജീവിതം അടയാളപ്പെടുത്തുന്നതായിരിക്കും അതെന്നും അദ്ദേഹം പറയുന്നു.