ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 32 പേരുടെ ഫോൺ സംഭാഷണം കേരള പൊലീസ് ഔദ്യോഗികമായി ചോർത്തുന്നതായി സൂചന. ദേശവിരുദ്ധ പ്രവർത്തനത്തിലും ലഹരി റാക്കറ്റിലും ഉൾപ്പെട്ടവരാണ് ഇതെന്നാണ് പൊലീസ് ഭാഷ്യം. വിഷയം വിവരാവകാശ നിയമത്തിന്റെ പോലും പരിധിയിൽ പെടുത്താത്തതിനാൽ സത്യം പൊലീസിനു മാത്രമേ അറിയൂ. അതേസമയം രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവർത്തകരുടെയും അടക്കം സർക്കാരിന്റെ കണ്ണിലെ കരടായ പലരുടെയും ഫോൺ വിളിയുടെ വിശദാംശം (സിഡിആർ) പലപ്പോഴും പൊലീസ് ശേഖരിക്കുന്നുണ്ടെന്നാണ് ആക്ഷേപം.

ആര്, ആരെയൊക്കെ എപ്പോൾ വിളിച്ചു, തിരികെ വിളിയെത്തിയത് എപ്പോൾ, ടവർ ലൊക്കേഷൻ, സംഭാഷണത്തിന്റെ ദൈർഘ്യം എന്നിവയെല്ലാം ഇതിലൂടെ മനസ്സിലാക്കാം. ഫോൺ ചോർത്തൽ എന്നാൽ സർവീസ് പ്രൊവൈഡറിനു (ബിഎസ്എൻഎൽ, എയർടെൽ തുടങ്ങിയവ) മേലുദ്യോഗസ്ഥരുടെ അനുമതിയോടെ നിശ്ചിത ഫോമിൽ കത്തു നൽകി 2 മാസം വരെ തുടർച്ചയായി ആ നമ്പറിലേക്കു വരുന്ന മുഴുവൻ സംഭാഷണവും റിക്കോർഡ് ചെയ്തു കൈമാറുന്ന രീതിയാണ്. ക്രമസമാധാനച്ചുമതലയുള്ള ഡിഐജി മുതൽ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥർക്കു മാത്രമാണു ഫോൺ ചോർത്താൻ അധികാരം.

സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ആരുടെയും ഫോൺ ഇത്തരത്തിൽ ഇവർക്ക് 7 ദിവസത്തേക്കു ചോർത്താം. 7 ദിവസത്തിനകം ആഭ്യന്തര സെക്രട്ടറിയിൽ നിന്ന് ഇതിന് അനുമതി വാങ്ങണം. ഇല്ലെങ്കിൽ ചോർത്തൽ നിലയ്ക്കും. ആവശ്യമെങ്കിൽ 2 മാസം വരെ ആ ഫോൺ ചോർത്താ‍ൻ സെക്രട്ടറിക്ക് അനുമതി നൽകാം. 

സിഡിആർ ആർക്കുമെടുക്കാം

ഒരാൾ മറ്റൊരാളെ വിളിച്ചതും തിരികെ ലഭിച്ചതുമായ ഫോൺ വിളിയുടെ വിശദാംശം (കോൾ ഡീറ്റെയിൽസ് റിക്കോർഡ്) കേരള പൊലീസിലെ ഏതു വിഭാഗത്തിനും എടുക്കാം.  എസ്പി സാക്ഷ്യപ്പെടുത്തിയ കത്തോടെ അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ സർവീസ് പ്രൊവൈഡറിനു നൽകിയാൽ മതി. കേസിന്റെ വിശദാംശവും നൽകണം. കൈംബ്രാഞ്ച്, ഇന്റലിജൻസ്, വിജിലൻസ്, ജയിൽ, എക്സൈസ് എന്നീ വിഭാഗങ്ങളെല്ലാം ഇതെടുക്കാറുണ്ട്.

English Summary:

Hint of Kerala Police officially leaking phone of 32 people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com