ADVERTISEMENT

തിരുവനന്തപുരം ∙ രാഷ്ട്രീയ എതിരാളികൾക്കെതിരെ ആരോപണമുന്നയിക്കാൻ മുഖ്യമന്ത്രിയും സിപിഎമ്മും എപ്പോഴും ഉപയോഗിച്ചുപോന്ന ആയുധമാണു പി.വി.അൻവർ. അതേ ആയുധം ഇപ്പോൾ സർക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നുവെന്ന പ്രതിസന്ധിയാണു മുഖ്യമന്ത്രിയും പാർട്ടിയും നേരിടുന്നത്. അൻവറിന്റെ ആരോപണങ്ങൾക്കെല്ലാം സമൂഹമാധ്യമങ്ങളിലും പുറത്തും ‘ജയ്’ വിളിച്ചിരുന്ന സിപിഎം അണികളും ഞെട്ടലിലാണ്.

സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അയൽ സംസ്ഥാനങ്ങളിലെ കോർപറേറ്റുകളിൽനിന്ന് 150 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണം അൻവർ കഴിഞ്ഞ ജനുവരിയിൽ ഉന്നയിച്ചതു നിയമസഭയിലാണ്. ചാവക്കാട്ടുനിന്നു മീൻലോറിയിൽ പണം പറവൂരിലെത്തിച്ചെന്നും പിന്നീട് ബെംഗളൂരുവിൽ എത്തിച്ചു നിക്ഷേപിച്ചെന്നുമായിരുന്നു ആരോപണം. സതീശൻ ചിരിച്ചുതള്ളിയ ആരോപണത്തെ സഭയിലും പുറത്തും സിപിഎം ഏറ്റുപിടിച്ചെങ്കിലും ഫലിച്ചില്ല. പരാതിയിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഗാന്ധി എന്ന പേര് ഉപയോഗിക്കുന്ന രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് അൻവർ നടത്തിയ പരാമർശം മുഖ്യമന്ത്രിയോ സിപിഎമ്മോ തള്ളിപ്പറഞ്ഞില്ല. പാർട്ടി അംഗമല്ലാത്തതിന്റെ സ്വാതന്ത്ര്യം അൻവറിനു നൽകി കയറൂരിവിടുകയായിരുന്നു. സർക്കാരിനെ നിരന്തരമായി വിമർശിക്കുന്ന ഓൺലൈൻ ചാനലിനെതിരെ നടത്തിയ പോരാട്ടത്തിലൂടെ സിപിഎമ്മിന്റെ ‘സൈബർ കടന്നൽ’ എന്ന വിശേഷണവും അൻവറിനു ചാർത്തിക്കിട്ടി. ഇത്തരത്തിലെല്ലാം അൻവറിനെ ആഘോഷിച്ച പാർട്ടിയാണ് ഇപ്പോൾ അമ്പരന്നു നിൽക്കുന്നത്. പ്രതിപക്ഷത്തിനെതിരെ അൻവർ നടത്തിയ എല്ലാ കടന്നാക്രമണത്തെയും പിന്തുണച്ച സിപിഎമ്മിന്, ഈ ആരോപണത്തെ തള്ളിപ്പറയാൻ കഴിയാത്ത ധർമസങ്കടവുമുണ്ട്.

English Summary:

PV Anwar always been a weapon used by Chief Minister and CPM to leave allegations against political opponents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com