റിസോർട്ട് വിവാദം: ഇ.പിക്ക് എതിരെ വീണ്ടും പി.ജയരാജൻ
Mail This Article
തിരുവനന്തപുരം ∙ ബിജെപി ബന്ധത്തിന്റെ പേരിൽ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു നീക്കിയ ഇ.പി.ജയരാജനെതിരെ പി.ജയരാജൻ റിസോർട്ട് വിവാദം വീണ്ടും സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചു.
കണ്ണൂരിലെ ആയുർവേദ റിസോർട്ടായ വൈദേകവുമായി ഇ.പി.ജയരാജന്റെ ബന്ധം സംബന്ധിച്ചുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്നാണ് പി.ജയരാജൻ ചോദിച്ചത്. ആ വിഷയത്തിൽ തൽക്കാലം തീരുമാനം എടുത്തിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മറുപടി നൽകി.
ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം റിപ്പോർട്ട് ചെയ്ത കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് റിസോർട്ട് വിവാദം പി.ജയരാജൻ ഉന്നയിച്ചത്. ഇ.പി ഈ യോഗത്തിൽ പങ്കെടുക്കാതെ നാട്ടിലേക്കു മടങ്ങിയിരുന്നു.
ഇ.പിയെ കൺവീനർ സ്ഥാനത്തു നിന്നു നീക്കാനുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം എം.വി.ഗോവിന്ദൻ റിപ്പോർട്ട് ചെയ്തതും കാരണം വ്യക്തമാക്കാതെയാണ്. ഏതാനും അംഗങ്ങൾ കാരണം ചോദിച്ചപ്പോൾ പത്രസമ്മേളനത്തിൽ വിശദീകരിച്ച അതേ മാതൃകയിലുള്ള ഉത്തരമാണ് സെക്രട്ടറി നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തെ പ്രസ്താവനകളും ഉത്തരവാദിത്തം വേണ്ട രീതിയിൽ നിറവേറ്റാനാകുന്നില്ലെന്നതുമാണ് ചൂണ്ടിക്കാട്ടിയത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും വിവാദ ദല്ലാളുമായുള്ള കൂട്ടുകെട്ടും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറുമായുള്ള ബിസിനസ് പങ്കാളിത്തവും അടക്കം ഇ.പിയെ പ്രതിക്കൂട്ടിലാക്കിയ വിഷയങ്ങൾ വിശദമാക്കാൻ സെക്രട്ടറി തയാറായില്ല.
ഇതോടെയാണ് ഇ.പിയുടെ ഭാര്യയ്ക്കും മകനും നിക്ഷേപമുള്ള വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് മാസങ്ങൾക്കു മുൻപ് സംസ്ഥാന കമ്മിറ്റിയിൽ താൻ തന്നെ ഉന്നയിച്ച പരാതി പി.ജയരാജൻ വീണ്ടും എടുത്തിട്ടത്.
ആ പരാതിക്കു ശേഷം ഈ റിസോർട്ടിൽ ഇ.ഡി പരിശോധന നടത്തുകയും തുടർന്ന് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള വ്യവസായ ഗ്രൂപ്പ് ഈ റിസോർട്ടിന്റെ നടത്തിപ്പു പങ്കാളിത്തം ഏറ്റെടുക്കുകയും ചെയ്തെങ്കിലും പാർട്ടി ആ വിഷയത്തിൽ കൂടുതൽ അന്വേഷണത്തിനോ നടപടിക്കോ മുതിർന്നില്ല. എന്നാൽ, അതു വിടാൻ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കിയാണ് പി.ജയരാജൻ വീണ്ടും സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത്. ഇതോടെ ആ വിഷയവും അവഗണിക്കാനാകാത്ത അവസ്ഥയിലായി പാർട്ടി നേതൃത്വം.