ഭൂമിയിലെത്തിയ ദൈവം; ജന്മനാട്ടിലെ തെയ്യക്കാഴ്ചയുമായി മാളവിക മോഹനന്‍

Mail This Article
വടക്കന്‍ മലബാറിലിത് തെയ്യക്കാലമാണ്. കണ്ണുരുട്ടിയും കരിപുരട്ടിയും കൈപിടിച്ചും കോലാഹലമുയര്‍ത്തിയും ദൈവങ്ങള്‍ മണ്ണിലിറങ്ങി, മാനെയും മനുഷ്യനെയും അനുഗ്രഹിക്കാനെത്തുന്ന കാലം. തെയ്യവുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ചും, തന്‍റെ തെയ്യാനുഭവത്തെക്കുറിച്ചും ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി മാളവിക മോഹനന്‍. അതോടൊപ്പം തന്നെ, തന്‍റെ നാടായ പയ്യന്നൂരില്‍ നിന്നുള്ള തെയ്യത്തിന്‍റെ ദൃശ്യങ്ങളും നടി പങ്കുവച്ചു.

മാളവിക മോഹനന്‍റെ കുറിപ്പ് വായിക്കാം
"കുട്ടിക്കാലം മുതൽ 'തെയ്യം' എന്‍റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. എല്ലാ വർഷവും കേരളത്തിലെ എന്‍റെ ജന്മനാട് സന്ദർശിക്കുമ്പോൾ, നൃത്തവും നിറങ്ങളും ആത്മീയതയും കൂടിച്ചേര്‍ന്ന വളരെ ഊർജ്ജസ്വലമായ ഈ പ്രകടനങ്ങൾ എന്നെ എപ്പോഴും ആകർഷിച്ചിരുന്നു. ഈ പ്രകടനം വെറുമൊരു കാഴ്ചയല്ല, ദൈവവുമായുള്ള ഒരു ജീവസുറ്റ ബന്ധമാണ്, അവിടെ കലാകാരന്മാർ ദൈവങ്ങളെയും പുരാണ കഥാപാത്രങ്ങളെയും തങ്ങളിലേക്ക് ഏറ്റുകയാണ്. അവരുടെ തലയിലെ കിരീടവും സങ്കീർണ്ണമായ മേക്കപ്പും ഊർജ്ജസ്വലമായ ചലനങ്ങളുമെല്ലാം ചേര്‍ന്ന് അഭൗമവും പവിത്രവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു.
തെയ്യമെനിക്ക് സ്പെഷല്‍ ആകുന്നതെങ്ങനെയെന്നു വച്ചാല്‍, അത് വെറുമൊരു പ്രകടനം എന്നതിലുപരി വേറെ പലതുമാണ്- അത് സമൂഹത്തെ ഒന്നിപ്പിക്കുന്നു, നമ്മുടെ പൂർവ്വികരുടെയും ധൈര്യത്തിന്‍റെയും ആത്മീയതയുടെയുമെല്ലാം കഥകള്‍ പറയുന്നു. അടിസ്ഥാന മൂല്യങ്ങളിൽ ആഴത്തിൽ വേരൂന്നിക്കൊണ്ട്, സംസ്കാരത്തിന് എങ്ങനെ പരിണമിക്കാൻ കഴിയുമെന്ന് ഇത് ഓർമിപ്പിക്കുന്നു. വർഷങ്ങൾ കടന്നുപോകുന്തോറും ഞാൻ വളരുന്തോറും അവതരണങ്ങളുടെ ഗാംഭീര്യം മാത്രമല്ല, ആചാരത്തിന്‍റെ


പ്രാധാന്യം തന്നെ- അവരുടെ സമർപ്പിത മനോഭാവവും തയ്യാറെടുപ്പുകളും പ്രക്രിയയുടെ പവിത്രതയുമെല്ലാം ഞാൻ വിലമതിക്കാൻ തുടങ്ങിയിരിക്കുന്നു. കലാകാരന്മാരുടെ സമർപ്പണം, സൂക്ഷ്മമായ ആസൂത്രണം, കലാരൂപത്തെ പൂർണതയിലെത്തിക്കാൻ ചെലവഴിച്ച എണ്ണമറ്റ മണിക്കൂറുകൾ എന്നിവയെല്ലാം അത് എത്രമാത്രം ആദരവോടെയാണ് ആചരിക്കപ്പെടുന്നത് എന്നതിനുള്ള തെളിവാണ്.

ദൃശ്യസൗന്ദര്യത്തിനപ്പുറം, തെയ്യം നമ്മുടെ സ്വത്വത്തെയും ചരിത്രത്തെയും വിശ്വാസത്തെയും പ്രതിനിധീകരിക്കുന്നു, പാരമ്പര്യത്തിന്‍റെ കാലാതീതമായ സ്വഭാവത്തെ ഓർമിപ്പിക്കുന്നു. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത്, ഈ ശക്തമായ കലാരൂപം ഇന്നും നിലനിൽക്കുന്നുവെന്നും നമ്മുടെ വേരുകളിലേക്കു നമ്മെ ചേര്‍ത്തു നിര്‍ത്തുന്നുവെന്നും മഹത്തായ ഒന്നിലേക്കു നമ്മളെ ബന്ധിപ്പിക്കുന്നുവെന്നും അറിയുന്നത് ആശ്വാസകരമാണ്."

തെയ്യം കാണാന്‍ പോകാം
നൃത്തം ചെയ്യുന്ന ദൈവമാണ് തെയ്യം. കണ്ണൂരും കാസര്‍ഗോഡും പിന്നെ കര്‍ണ്ണാടകത്തിലുമാണ് പ്രധാനമായും തെയ്യം കൊണ്ടാടുന്നത്. കണ്ണൂരിലെ പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട് കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും കോഴിക്കോട് ജില്ലയുടെ വടക്കൻ ഭാഗങ്ങളായ വടകര, കൊയിലാണ്ടി എന്നീ പ്രദേശങ്ങളിൽ തിറ എന്ന പേരിലുമാണ് ഈ അനുഷ്ഠാന കർമ്മം അറിയപ്പെടുന്നത്.

ഏതാണ്ട് അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്. ഇതില്‍ നൂറ്റിയിരുപതോളം തെയ്യങ്ങള്‍ സാധാരണ തെയ്യങ്ങളാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ തെയ്യങ്ങളില്‍ ഒന്നാണ് അമ്മദൈവമായ മുച്ചിലോട്ട് ഭഗവതിയുടെ തെയ്യം. കാസർഗോഡ് മുതൽ പാനൂർ വരെ 18 പ്രധാന മുച്ചിലോട്ടുകാവുകൾ ഉണ്ട്. ഇവിടങ്ങളില്‍ തെയ്യക്കാഴ്ച കാണാന്‍ ഒട്ടേറെ ആളുകള്‍ എത്തുന്നു.

മലബാറിലെ തെയ്യക്കാലം
തുലാമാസം പത്താം തീയതി കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് എന്നിവിടങ്ങളിലെ കളിയാട്ടത്തോടെയാണ് വടക്കേ മലബാറിലെ തെയ്യക്കാലം തുടങ്ങുന്നത്. ഇടവപ്പാതിയിൽ വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ തെയ്യം, നീലേശ്വരം മന്നൻപുറത്ത് കാവിൽ കലശം എന്നിവയോടെ കളിയാട്ടക്കാലം അവസാനിക്കും.

ഓരോ നാട്ടിലും ഏതേതു കാവുകളിലാണ് തെയ്യം തുടങ്ങേണ്ടത് എന്നുള്ളതിനു നിശ്ചിത ക്രമങ്ങളുണ്ട്. കണ്ണൂരില്‍, പയ്യന്നൂർ ഊർക്കോവിലകത്ത് പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നവംബർ 16 ന് ആരംഭിച്ച് 16 ദിവസം നീണ്ടു നിൽക്കുന്ന ആരാധനാ മഹോത്സവം കഴിഞ്ഞാലുടനെ ഡിസംബർ മൂന്നിന് പയ്യന്നൂർ കൊക്കാനിശ്ശേരി കണ്ടമ്പത്തു ദേവസ്ഥാനത്താണ് തെയ്യം ആരംഭിക്കുക.

പ്രശസ്തമായ ഒറവങ്കരക്കാവ്, കരക്കീൽകാവ്, കാപ്പാട്ടുകാവ്, കുട്ടിക്കരക്കാവ്, പാറമേൽക്കാവ്, പ്രമാഞ്ചേരിക്കാവ്, വല്ലാകുളങ്ങരക്കാവ്, കക്കരക്കാവ്, പൂമാലക്കാവ്, കണങ്ങാട്ടുകാവ്, മുച്ചിലോട്ടുകാവ്, തിരുവർകാട്ടുകാവ് എന്നിങ്ങനെയുള്ള ഭഗവതിക്കാവുകളിലും മുണ്ട്യക്കാവ്, ഊർപ്പഴച്ചിക്കാവ്, പാലോട്ടുകാവ്, അണ്ടലൂർക്കാവ് ചാത്തമ്പള്ളി കാവ് എന്നിങ്ങനെ പുരുഷദൈവങ്ങൾക്കു പ്രാമുഖ്യമുള്ള കാവുകളിലും തെയ്യം കാണാം.