വി.കെ.പ്രകാശിനെതിരായ പരാതി: രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി
Mail This Article
കൊല്ലം∙ സംവിധായകൻ വി.കെ.പ്രകാശ് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച യുവ എഴുത്തുകാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് അനുമതി നൽകി. ക്രിമിനൽ ചട്ടം 164 വകുപ്പ് അനുസരിച്ച് മൊഴി രേഖപ്പെടുത്താൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് നികിത പ്രസാദിനെ ചുമതലപ്പെടുത്തി. കോടതിയുടെ നോട്ടിസിന്റെ അടിസ്ഥാനത്തിൽ ഈ ആഴ്ച മൊഴി നൽകാൻ യുവതി എത്തിച്ചേരും. മജിസ്ട്രേട്ടിന്റെ ചേംബറിലാകും മൊഴിയെടുക്കുക.
കൊല്ലത്തെ ഒരു ഹോട്ടലിന്റെ നാലാം നിലയിൽ പ്രകാശും യുവതിയും അടുത്തടുത്ത മുറികളിൽ താമസിച്ചിരുന്നതിന്റെ രേഖകൾ പൊലീസിനു ലഭിച്ചു. രണ്ടു മുറികളില്‍ ഒന്നിന്റെ വാടക ഓൺലൈനായും രണ്ടാമത്തെ മുറിയുടെ വാടക പണമായി നേരിട്ടുമാണ് അടച്ചത്. പള്ളിത്തോട്ടം എസ്എച്ച്ഒ ബി.ഷഫീഖിന്റെ നേതൃത്വത്തിൽ പ്രകാശ് പണമടച്ചതിന്റെ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ ഇന്നലെ ശേഖരിച്ചു. 2022 ഏപ്രിൽ നാലിനാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കഥ പറയാനെത്തിയ യുവതിയെ പ്രകാശ് ആലിംഗനം ചെയ്തുവെന്നാണു പ്രാഥമിക മൊഴി. സംഭവം പുറത്തറിയാതിരിക്കാൻ യുവതിക്ക് ഓൺലൈൻ മുഖേന കൈമാറിയെന്നു സംശയിക്കുന്ന തുകയുടെ വിവരങ്ങള്‍ക്കായി ബാങ്ക് അധികൃതർക്ക് കത്ത് അയച്ചിട്ടുണ്ട്.