മുകേഷിന്റെ ജാമ്യാപേക്ഷയിൽ സെഷൻസ് കോടതി വിധി നാളെ
Mail This Article
കൊച്ചി∙ നടിയുടെ പരാതിയിൽ പീഡനക്കേസിലും സ്ത്രീത്വത്തെ അപമാനിച്ച കേസിലും പ്രതികളായ നടൻ എം.മുകേഷ് എംഎൽഎ, അഡ്വ.വി.എസ്.ചന്ദ്രശേഖരൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് നാളെ വിധി പറയും.
അറസ്റ്റ് ചെയ്യരുതെന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഇടക്കാല ഉത്തരവിന്റെ കാലാവധി ഇന്നലെ അവസാനിച്ചതിനാൽ ഇവരെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിനു നിയമതടസ്സമില്ലെങ്കിലും നാളെ വിധി പറയുമെന്നതിനാൽ അതുവരെ നടപടികളിലേക്ക് പൊലീസ് കടക്കാനിടയില്ല
സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിനു (ഐപിസി– 354) പ്രതിയായ നടനും നിർമാതാവുമായ മണിയൻപിള്ള രാജു ഈ കുറ്റകൃത്യം ചെയ്തതായി ആരോപിക്കപ്പെടുന്ന കാലത്ത് ഐപിസി– 354 പൊലീസിനു സ്റ്റേഷൻ ജാമ്യം നൽകാമായിരുന്ന കുറ്റമായിരുന്നു. മണിയൻപിള്ള രാജുവിനു മുൻകൂർ ജാമ്യത്തിന്റെ ആവശ്യമില്ലാത്ത സാഹചര്യത്തിൽ രാജുവിന്റെ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി. കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥരും ഇന്നലെ കോടതിയിൽ ഹാജരായിരുന്നു.
മറ്റു മൂന്നു പ്രതികളുടെ കാര്യത്തിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ കോടതി വിശദമായി കേട്ടു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് ജി. കൃഷ്ണനും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ ജോപോൾ, സി.എസ്.മനു എന്നിവരും ഹാജരായി.