ADVERTISEMENT

തിരുവനന്തപുരം ∙ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി എഡിജിപി എം.ആർ.അജിത്കുമാർ രഹസ്യ ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽനിന്ന് ഒഴിവാകാനും തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ധാരണയുണ്ടാക്കാനുമായി മുഖ്യമന്ത്രിക്കു വേണ്ടിയായിരുന്നു ഈ കൂടിക്കാഴ്ച. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു കേരളത്തിൽ അക്കൗണ്ട് തുറന്നുകൊടുക്കാമെന്ന ഉറപ്പാണു മുഖ്യമന്ത്രി എഡിജിപി വഴി നൽകിയത്. പൊലീസിനെ ഉപയോഗിച്ച് തൃശൂർ പൂരം കലക്കിയത് ഇതിന്റെ ഭാഗമായാണ്. 

2023 മേയ് 20 മുതൽ 22 വരെ തൃശൂർ പാറമേക്കാവ് വിദ്യാമന്ദിർ സ്കൂളിൽ നടന്ന ആർഎസ്എസ് ക്യാംപിനെത്തിയപ്പോഴാണ് ജനറൽ സെക്രട്ടറിയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതെന്ന് സതീശൻ പറഞ്ഞു. തൃശൂരിലെ ഹയാത്ത് ഹോട്ടലിൽ ഔദ്യോഗിക വാഹനം നിർത്തിയിട്ട ശേഷം മറ്റൊരു കാറിലാണ് എഡിജിപി എത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. തിരുവനന്തപുരത്തുള്ള ആർഎസ്എസ് നേതാവായിരുന്നു ഇടനില. 

പൂരം അലങ്കോലമാക്കാൻ തൃശൂർ കമ്മിഷണർ അഴിഞ്ഞാടുമ്പോൾ സ്ഥലത്തുണ്ടായിരുന്ന എഡിജിപി ഇടപെടാതിരുന്നത് എന്തു കൊണ്ടാണെന്ന് സതീശൻ ചോദിച്ചു. ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും എഡിജിപിയെയും പൊളിറ്റിക്കൽ സെക്രട്ടറിയെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ഈ ഇടപാടിന്റെ ഭാഗമായതു കൊണ്ടാണ്. ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നോ അറിഞ്ഞില്ലെന്നോ നിഷേധിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതായും സതീശൻ പറഞ്ഞു.

English Summary:

Ajithkumar met RSS General Secretary Dattatreya Hosabale for CM: VD Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com