സിനിമാമേഖലയിൽ നീതി ഉറപ്പാക്കൽ: ഒന്നിച്ചു പ്രവർത്തിക്കാൻ ഐഎൻടിയുസിയും മാക്ട ഫെഡറേഷനും
Mail This Article
തിരുവനന്തപുരം ∙ സിനിമാമേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ഐഎൻടിയുസിയും മാക്ട ഫെഡറേഷനും ഒന്നിച്ചു പ്രവർത്തിക്കും. രാഷ്ട്രീയ പ്രവർത്തനമല്ല, സിനിമയിൽ പണിയെടുക്കുന്നവർക്ക് നീതിയും സംരക്ഷണവും ഉറപ്പാക്കലാണു ലക്ഷ്യമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. പ്രശ്നങ്ങൾക്കു പരിഹാര നിർദേശങ്ങളുമായി മന്ത്രി സജി ചെറിയാനെയും ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി. എൻ.കരുണിനെയും കാണും.
സിനിമ നിർമിക്കുന്നവർക്കു റജിസ്ട്രേഷൻ ഏർപ്പെടുത്തുക, താഴെത്തട്ടിലുള്ളവർക്ക് മാന്യമായ വേതനം ഉറപ്പാക്കുക, സ്ത്രീകൾക്കു ശുചിമുറിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കുക എന്നീ ആവശ്യങ്ങൾ അടങ്ങിയ നിവേദനം കൈമാറുമെന്ന് ഇഫ്റ്റ പ്രസിഡന്റ് പന്തളം സുധാകരൻ, ജനറൽ സെക്രട്ടറി ബിനു വിദ്യാധരൻ, മാക്ട പ്രസിഡന്റ് ബൈജു കൊട്ടാരക്കര, ജനറൽ സെക്രട്ടറി അജ്‌മൽ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ തുടങ്ങിയവർ പറഞ്ഞു.
സിനിമാമേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്ന് പന്തളം സുധാകരൻ ആവശ്യപ്പെട്ടു. സിനിമയിലെ ‘പവർ ഗ്രൂപ്പ്’ മാക്ടയെ തകർത്തെന്ന് പ്രസിഡന്റ് ബൈജു കൊട്ടാരക്കര പറഞ്ഞു.