അസം ബാലിക സ്കൂളിലേക്ക്, ഇനി ഏഴാംക്ലാസ് വിദ്യാർഥി
Mail This Article
തിരുവനന്തപുരം∙ കഴക്കൂട്ടത്തു നിന്നു കാണാതായി വിശാഖപട്ടണത്തു കണ്ടെത്തിയ അസം ബാലിക 2 ദിവസത്തിനകം സ്കൂളിൽ പോയിത്തുടങ്ങും. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള പതിമൂന്നുകാരിയെ ഏഴാം ക്ലാസിലാണു ചേർക്കുകയെന്നു ജനറൽ സെക്രട്ടറി അരുൺ ഗോപി അറിയിച്ചു. ഓഗസ്റ്റ് 20ന് ആണ് മാതാപിതാക്കളുമായി പിണങ്ങി പെൺകുട്ടി വീടുവിട്ടത്. ഒന്നര ദിവസത്തിനു ശേഷമാണ് വിശാഖപട്ടണത്തു നിന്നു കണ്ടെത്തിയത്.
-
Also Read
കാണാതായ വിദ്യാർഥി ആറ്റിൽ മരിച്ചനിലയിൽ
ആദ്യം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ കഴിഞ്ഞ കുട്ടിക്ക് ഒരാഴ്ച കൗൺസലിങ് നൽകിയിരുന്നു. ഇതിനു ശേഷവും വീട്ടിലേക്കു മടങ്ങാൻ താൽപര്യമില്ലെന്നു കുട്ടി അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മാതാപിതാക്കൾ കാണാനെത്തിയെങ്കിലും അവർക്കൊപ്പം പോകുന്നില്ലെന്നു കുട്ടി ആവർത്തിച്ചു.
തങ്ങൾക്കൊപ്പം അസമിലേക്കു വരാനാണ് മാതാപിതാക്കൾ ആവശ്യപ്പെട്ടത്. കുട്ടി ശക്തമായ വിസമ്മതം അറിയിച്ച സാഹചര്യത്തിലാണ് ശിശുക്ഷേമ സമിതി ഏറ്റെടുക്കാനും സ്കൂളിലേക്ക് അയയ്ക്കാനും തീരുമാനിച്ചത്. ബലമായി കുട്ടിയെ കൊണ്ടുപോകാനുള്ള ശ്രമവും അധികൃതർ തടഞ്ഞു. കുട്ടിയെ ഏറ്റെടുക്കുന്ന വിവരം സാമൂഹിക നീതി വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
രണ്ടു ദിവസത്തിനുള്ളിൽ മാതാപിതാക്കളെ അധികൃതർ വീണ്ടും കാണും. ഇളയ 2 കുട്ടികളെയും ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ചെയർപഴ്സൻ ഷാനിബ ബീഗം വ്യക്തമാക്കി.