കാണാതായ വിദ്യാർഥി ആറ്റിൽ മരിച്ചനിലയിൽ
Mail This Article
കോട്ടയം ∙ കാണാതായ വിദ്യാർഥിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആർപ്പൂക്കര സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ ഒന്നാം വർഷ എംഎൽടി വിദ്യാർഥി, തിരുവനന്തപുരം കല്ലുംപുറം ചാരുവിള ഷിബുവിന്റെ മകൻ പുത്തൻവീട്ടിൽ അജാസ് ഖാൻ (19) ആണു മരിച്ചത്.
സ്വകാര്യ ഹോസ്റ്റലിൽ നിന്നു തിങ്കളാഴ്ച പുലർച്ചെ കാണാതായ അജാസിനെ ഇന്നലെ വൈകിട്ട് കുടമാളൂർ പാലത്തിനു സമീപം ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
അജാസിന്റെ ഫോണും പഴ്സും കിടപ്പുമുറിയിൽ ഉപേക്ഷിച്ച നിലയിൽ സുഹൃത്തുക്കൾ കണ്ടെത്തിയിരുന്നു. തുടർന്നു ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ അജാസ് പനമ്പാലം പാലം വരെ നടന്നെത്തുന്ന ദൃശ്യങ്ങൾ ലഭിച്ചു. മീനച്ചിലാറിന്റെ കൈവഴിയായ ആറ്റിൽ ചാടിയെന്ന സംശയത്തെത്തുടർന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. മാതാവ്: അജിന, സഹോദരൻ: അർഷദ് ഖാൻ.