ADVERTISEMENT

തിരുവനന്തപുരം ∙ പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടു പ്രക്ഷോഭം കടുപ്പിക്കാൻ പ്രതിപക്ഷം. ഈ വിഷയത്തിൽ 6ന് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കാൻ ഓൺലൈനായി ചേർന്ന കെപിസിസി നേതൃയോഗം തീരുമാനിച്ചു.

നിയമനടപടികളും പ്രതിപക്ഷത്തിന്റെ ആലോചനയിലുണ്ടെങ്കിലും അൻവറിന്റെ മാത്രം ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കോടതിയിലേക്കു നീങ്ങാൻ കഴിയില്ലെന്ന പ്രതിസന്ധിയുണ്ട്. ചില ഫോൺ കോൾ റെക്കോർഡുകൾ മാത്രമാണ് അൻവർ ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്.  പ്രതിപക്ഷം മുൻകയ്യെടുത്തുള്ള നിയമനടപടിയോട്, കൂടുതൽ തെളിവുകൾ നൽകി അൻവർ സഹകരിക്കാനും സാധ്യതയില്ല.

മാസപ്പടിക്കേസിൽ വിജിലൻസ് കോടതിക്കു മുൻപിലെത്തി തിരിച്ചടി വാങ്ങിയ സാഹചര്യം കൂടി പരിഗണിക്കുമ്പോൾ പ്രതിപക്ഷം തിടുക്കപ്പെട്ടു കോടതിയിലേക്കു നീങ്ങാനിടയില്ല. കോടതിയിൽനിന്നു സർക്കാരിന് അനുകൂലമായ പരാമർശമുണ്ടായാൽ അതു സർക്കാരിനു പിടിവള്ളിയാകുമെന്നും യുഡിഎഫ് കരുതുന്നു. സ്വത്തുസമ്പാദനം ഉൾപ്പെടെ എം.ആർ.അജിത്കുമാറിനെതിരെയുള്ള ആരോപണങ്ങളിലേക്കു ചുരുങ്ങാതെ, മുഖ്യമന്ത്രിയെയും പി.ശശിയെയും കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ആക്രമണമാകും തൽക്കാലം നല്ലതെന്നാണു വിലയിരുത്തൽ.

ബാർകോഴ ആരോപണത്തിലടക്കം പ്രതിഷേധങ്ങളും സമരങ്ങളും വഴിയിലുപേക്ഷിച്ചെന്ന ചീത്തപ്പേര് പ്രതിപക്ഷത്തിനുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തു മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു വീണുകിട്ടിയ ഏറ്റവും വലിയ ആരോപണം വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കിൽ മുന്നണിയിലും പാർട്ടിയിലും നേതൃത്വത്തിനെതിരെ വിമർശനമുയരാം. എഡിജിപി അജിത്കുമാറിനു കോൺഗ്രസിലെ ചില ഉന്നതരുമായി അടുത്ത ബന്ധം ആരോപിക്കപ്പെടുന്ന പശ്ചാത്തലവുമുണ്ടെങ്കിലും പ്രതിഷേധത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ല. യുഡിഎഫിന്റെ സമരപരിപാടി അടുത്തയാഴ്ച പ്രഖ്യാപിക്കും.

English Summary:

Opposition to protest for Chief Minister's resignation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com