എഡിജിപിക്കെതിരെ അന്വേഷണത്തിന് കീഴുദ്യോഗസ്ഥർ; തീരുമാനം മുഖ്യമന്ത്രിയുടേത്, സംസ്ഥാനത്ത് ആദ്യം
Mail This Article
തിരുവനന്തപുരം ∙ ആരോപണവിധേയനായ മേലുദ്യോഗസ്ഥനെ കസേരയിൽ നിലനിർത്തിക്കൊണ്ട് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥർ ആരോപണം അന്വേഷിക്കുന്നതു സംസ്ഥാനത്ത് ആദ്യം. എഡിജിപി എം.ആർ.അജിത്കുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന സംഘത്തിലെ 2 ഉദ്യോഗസ്ഥർ അദ്ദേഹത്തിനു നേരിട്ടു റിപ്പോർട്ട് ചെയ്യുന്നവരാണ്– തിരുവനന്തപുരം സിറ്റി കമ്മിഷണർ ഐജി ജി.സ്പർജൻകുമാറും തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസും. ഇവരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് എഴുതുന്നതും എഡിജിപിയാണ്.
സ്റ്റേറ്റ് ഇന്റലിജൻസ് എസ്പി എ.ഷാനവാസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനൻ എന്നിവരാണു സംഘത്തിലെ മറ്റു രണ്ടു പേർ. ഇതിൽ ഒരു എസ്പിയുടെ സഹോദരൻ മുഖ്യമന്ത്രിയുടെ ഓഫിസിലെ സുരക്ഷാ ഡ്യൂട്ടിയിലെ പൊലീസുകാരനാണ്.
അന്വേഷണത്തലവൻ സംഘത്തിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതാണു സാധാരണരീതി. ഇവിടെ മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ സംഘത്തിലെ അംഗങ്ങളെയും നിശ്ചയിച്ചു.
അന്വേഷണം എഡിജിപിയെ നിലനിർത്തിയാകരുത്: സാജൻ പീറ്റർ (മുൻ ആഭ്യന്തര സെക്രട്ടറി)
ഫോൺ ചോർത്തൽ വെളിപ്പെടുത്തൽ സത്യമാണെങ്കിൽ അതീവ ഗുരുതരമാണ്. ഏതെങ്കിലും കേസന്വേഷണത്തിന്റെ ഭാഗമായി ഫോൺ ചോർത്തുന്നതിനു കൃത്യമായ നടപടിക്രമമുണ്ട്. ഇന്റലിജൻസ് മേധാവിയുടെ രഹസ്യ റിപ്പോർട്ട് പരിശോധിച്ചു ബോധ്യപ്പെട്ടശേഷം ആഭ്യന്തര സെക്രട്ടറിയാണ് അനുമതി നൽകേണ്ടത്. ടി.പി. കേസിലെല്ലാം എന്റെയടുത്തു വന്ന റിപ്പോർട്ടുകളിൽ ഈ നടപടിക്രമം പിന്തുടർന്നിരുന്നു.
എഡിജിപിക്കെതിരായ ആരോപണത്തിൽ അന്വേഷണം നടത്തേണ്ടത് ആരോപണവിധേയനെ അതേ ചുമതലയിൽ നിലനിർത്തിക്കൊണ്ടല്ല. സീനിയറായ ഡിജിപിമാർ അന്വേഷണം നടത്തണം. ആരോപണവിധേയന്റെ കീഴുദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിക്കേണ്ട കാര്യമില്ല. തെളിവു ശേഖരിക്കാൻ ഡിജിപിക്ക് എന്താണു തടസ്സമുള്ളതെന്നു മനസ്സിലാകുന്നില്ല.
പൊളിറ്റിക്കൽ സെക്രട്ടറിയെ വയ്ക്കുന്നതു ഭരണനേതൃത്വത്തിന്റെ ഇഷ്ടമാണ്. എന്നാൽ, ഉദ്യോഗസ്ഥർ പൊളിറ്റിക്കൽ സെക്രട്ടറിയിൽനിന്നല്ല ഉത്തരവുകൾ സ്വീകരിക്കേണ്ടത്. മുഖ്യമന്ത്രിയെയോ മന്ത്രിയെയോ സഹായിക്കുകയാണു പൊളിറ്റിക്കൽ സെക്രട്ടറിയുടെ ജോലി. അതിനപ്പുറത്തേക്കു കടക്കുന്നതു ശരിയല്ല.