സിപിഎമ്മിന് സ്വതന്ത്ര‘ഭാരം’; സ്വതന്ത്രരായി ജയിച്ചവർക്ക് വഴങ്ങേണ്ട അവസ്ഥയിൽ പാർട്ടി
Mail This Article
തിരുവനന്തപുരം ∙ സ്വാധീനമില്ലാത്ത മേഖലകളിൽ സ്വതന്ത്രരെ ആശ്രയിക്കുന്ന എളുപ്പവഴിയിൽ സിപിഎമ്മിനു തെറ്റുന്നുവെന്നു തെളിയിക്കുന്നതാണു മലബാറിൽ 3 സ്വതന്ത്രരിൽനിന്നു നേരിട്ട തിരിച്ചടി. പി.വി.അൻവറിന്റെ ആരോപണങ്ങൾക്കു പിന്നാലെ, മുൻമന്ത്രി കെ.ടി.ജലീൽ തിരഞ്ഞെടുപ്പുരാഷ്ട്രീയം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. മുൻ എംഎൽഎ കാരാട്ട് റസാഖും ഈ കുറുമുന്നണിയുടെ ഭാഗമായി സർക്കാരിനെതിരെ വിമർശനമുന്നയിച്ചു. മറ്റൊരു ‘സ്വതന്ത്രൻ’ നടൻ മുകേഷനെതിരായ ലൈംഗികാരോപണക്കേസിലും പാർട്ടി വിയർക്കുകയുമാണ്.
ആലപ്പുഴയിൽ സ്വതന്ത്ര എംപിയായിരുന്ന ഡോ. കെ.എസ്.മനോജ് മതവിശ്വാസത്തിനു സിപിഎം എതിരാണെന്നാരോപിച്ചാണു ബന്ധമുപേക്ഷിച്ചത്. മതാചാരങ്ങൾ പിന്തുടരുന്നതിലുള്ള നിയന്ത്രണം പിന്നീട് പാർട്ടി നീക്കി. കാഞ്ഞിരപ്പള്ളിയിലെ സ്വതന്ത്ര എംഎൽഎ ആയിരുന്ന അൽഫോൻസ് കണ്ണന്താനം ടേം കഴിഞ്ഞപാടേ പോയതു ബിജെപിയിലേക്കാണ്. അവിടെ കേന്ദ്രമന്ത്രിയായി.
പി.ടി.എ.റഹീമിനെ ആദ്യ തിരഞ്ഞെടുപ്പു മുതൽ പിന്തുണച്ചെങ്കിലും സിപിഎമ്മിന്റെ ഭാഗമാകാതെ അദ്ദേഹം പുതിയ പാർട്ടിയുണ്ടാക്കി. മഞ്ഞളാംകുഴി അലിയാകട്ടെ മുസ്‌ലിം ലീഗിൽ ചേർന്നു പിന്നീടു മന്ത്രിയായി. കെപിസിസി മുൻ അംഗം വി.അബ്ദുറഹിമാനെ മന്ത്രിയാക്കിയശേഷം ഈയിടെയാണു പാർട്ടി അംഗത്വം നൽകിയത്. കോൺഗ്രസിൽനിന്നെത്തിയ പി.വി.ശ്രീനിജിൻ ഇനിയും ‘പാർട്ടിക്കാരനാ’യിട്ടില്ല.
ചാലക്കുടിയിൽ എംപിയാക്കിയ ഇന്നസന്റിനെ സംഘടനാ വളർച്ചയ്ക്കു പ്രയോജനപ്പെടുത്താനായില്ല. എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഒരുപിടി സ്വതന്ത്രർ വന്നെങ്കിലും പലരെയും പിന്നെ പാർട്ടിക്കൊപ്പം കണ്ടില്ല.
കേന്ദ്രകമ്മിറ്റി അംഗമായിരുന്ന പി.കെ.ഗുരുദാസനു പകരം കൊല്ലത്തു കണ്ടെത്തിയ മുകേഷ് 2 തവണ എംഎൽഎയായിട്ടും പാർട്ടി അംഗമല്ല. പാർട്ടി രീതികളൊന്നും പിന്തുടരാത്ത മുകേഷിനെ പാർട്ടിക്കു ലോക്സഭാ മത്സരത്തിനും ആശ്രയിക്കേണ്ടിവന്നു.
സിപിഎം വച്ചുനീട്ടിയതല്ലെന്നും വ്യക്തിപ്രഭാവത്തിലും സ്വാധീനത്തിലും തേടിയെത്തിയതാണു സീറ്റും വിജയവുമെന്നും പരോക്ഷമായി സൂചിപ്പിക്കുന്നതാണ് ജലീലിന്റെയും കാരാട്ട് റസാഖിന്റെയും അൻവറിന്റെയും ഇപ്പോഴത്തെ നിലപാടുകൾ. അതു സമ്മതിച്ചുകൊടുക്കേണ്ട നിസ്സഹായാവസ്ഥയിലാണു പാർട്ടി.