‘അജിത്തിനെ മാറ്റിനിർത്തണമെന്ന് പറയുന്ന ആളല്ല ഞാൻ’: പാർട്ടിക്കും പരാതി നൽകുന്നതോടെ തന്റെ ഉത്തരവാദിത്തം തീർന്നെന്ന് അൻവർ
Mail This Article
തിരുവനന്തപുരം ∙ ‘അജിത്കുമാറിനെ മാറ്റിനിർത്തണമെന്നു പറയുന്ന ആളല്ല ഞാൻ. ആരെ മാറ്റിനിർത്തണം, മാറ്റിനിർത്തേണ്ട തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രിയും പാർട്ടി സംവിധാനവും ചിന്തിക്കട്ടെ’– മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അൻവർ മാധ്യമങ്ങളോടു പറഞ്ഞു. ‘സിപിഎം സംസ്ഥാന സെക്രട്ടറിക്കുകൂടി പരാതി നൽകുന്നതോടെ എന്റെ ഉത്തരവാദിത്തം തീർന്നു. അന്വേഷണ ഏജൻസിയുമായി സഹകരിക്കുകയാണ് ഇനിയുള്ള ഉത്തരവാദിത്തം.’
അജിത്കുമാർ പദവിയിൽ തുടരുമ്പോൾ സത്യസന്ധമായ അന്വേഷണം സാധ്യമാകുമോ എന്ന ചോദ്യത്തിന് കാത്തിരുന്നു കാണാമെന്നായിരുന്നു പ്രതികരണം. ആരോപണങ്ങളുന്നയിച്ചതിനു പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്ന ചോദ്യത്തിനു മറുപടിയിങ്ങനെ – ‘എന്റെ പിന്നിൽ സർവശക്തനായ ദൈവം മാത്രമാണുള്ളത്.’
അൻവറിനെ വിലക്കി ചീഫ് മാർഷൽ
മുഖ്യമന്ത്രിയെ കണ്ടശേഷം എംഎൽഎ ഹോസ്റ്റൽ അങ്കണത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിച്ച അൻവറിനെ നിയമസഭയിലെ ചീഫ് മാർഷൽ വിലക്കി. അവിടെനിന്നു മാറിനിൽക്കണമെന്നു ചെവിയിൽ പറയുകയായിരുന്നു. അൻവർ സംസാരം തുടർന്നപ്പോൾ ‘മാറിയേ തീരൂ’ എന്നു വീണ്ടും അറിയിച്ചു. ഇതോടെ സംസാരം നിർത്തി മടങ്ങുകയും ചെയ്തു.