സമ്മേളനകാലത്ത് സിപിഎമ്മിൽ ബഹിഷ്കരണം, കൂട്ടരാജി
Mail This Article
ആലപ്പുഴ / കണ്ണൂർ ∙ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചിരിക്കെ പാർട്ടി അംഗങ്ങളുടെ പരസ്യ പ്രതിഷേധവും കൂട്ടരാജിയും സിപിഎമ്മിനെ വലയ്ക്കുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നാടായ കണ്ണൂർ മൊറാഴയിൽ അംഗങ്ങളുടെ ബഹിഷ്കരണം മൂലം ബ്രാഞ്ച് സമ്മേളനം മുടങ്ങുകപോലും ചെയ്തു.
ആലപ്പുഴ ജില്ലയിൽ കായംകുളം, ഹരിപ്പാട്, അരൂക്കുറ്റി എന്നിവിടങ്ങളിലായി പാർട്ടി വിടുന്നതായി കത്തു നൽകിയവരുടെ എണ്ണം 105 ആയി. ഇവരിൽ പഞ്ചായത്ത് പ്രസിഡന്റും ലോക്കൽ കമ്മിറ്റി അംഗങ്ങളുമുണ്ട്. പ്രാദേശിക പ്രശ്നങ്ങൾ മുതൽ സർക്കാരിനും പാർട്ടി നേതൃത്വത്തിനുമെതിരായ വിമർശനം വരെ അണികൾ ഉയർത്തുന്നു. ആഭ്യന്തര വകുപ്പിനെതിരെയാണു കൂടുതൽ പരാതികളും. രാജിവച്ച ചിലർ മറ്റു പാർട്ടികളുമായി ചർച്ച തുടങ്ങിയെന്നും വിവരമുണ്ട്.കണ്ണൂർ മൊറാഴയിൽ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് അംഗങ്ങൾ കൂട്ടത്തോടെ ബഹിഷികരിച്ചതിനാൽ മുടങ്ങിയത്. പുതിയ തീയതി തീരുമാനിക്കാനായിട്ടില്ല. അങ്കണവാടി ജീവനക്കാരെ സ്ഥലം മാറ്റിയതിലുള്ള പ്രതിഷേധമാണ് ബഹിഷ്കരണത്തിലെത്തിയത്.
പയ്യന്നൂർ കാരയിലെ 3 ബ്രാഞ്ച് കമ്മിറ്റികൾ ഇടഞ്ഞുനിൽക്കുന്നതിനാൽ സമ്മേളന തീയതി തീരുമാനിച്ചിട്ടില്ല. പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പാർട്ടി, പ്രശ്നമുണ്ടാക്കിയവരുടെ കൂടെനിന്നതിൽ പ്രതിഷേധിച്ചാണ് നിസ്സഹകരണം. ജില്ലാ നേതൃത്വം പ്രശ്നപരിഹാര ചർച്ച നടത്തിവരികയാണ്.
കാസർകോട് ജില്ലയിലെ ചെറുവത്തൂരിൽ മദ്യവിൽപന കേന്ദ്രം ഉദ്ഘാടന ദിവസം തന്നെ പൂട്ടിച്ചതു ബാർ മുതലാളിക്കു വേണ്ടിയാണെന്നു ചീമേനി ലോക്കൽ കമ്മിറ്റിക്കു കീഴിലെ ബ്രാഞ്ചുകളിൽ ആരോപണം ഉയർന്നു. വിൽപനശാല പൂട്ടരുതെന്നായിരുന്നു തൊഴിലാളികളുടെ നിലപാടെങ്കിലും വിലപ്പോയില്ല.
സംസ്ഥാന നേതൃത്വം തെറ്റുതിരുത്തലിനും ശൈലീമാറ്റത്തിനും തയാറാകണമെന്ന് വയനാട് പുൽപള്ളി ഏരിയയിലെ ബ്രാഞ്ച് സമ്മേളനങ്ങളിൽ പ്രതിനിധികൾ ഓർമിപ്പിച്ചു.