ശുദ്ധജലം മുടങ്ങി: സെക്രട്ടേറിയറ്റിൽ ‘വെള്ളം കുടിച്ച് ’ഉദ്യോഗസ്ഥർ
Mail This Article
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിൽ ശുദ്ധജലവിതരണം മുടങ്ങിയതോടെ ‘വെള്ളം കുടിച്ച്’ ഉദ്യോഗസ്ഥരും ജീവനക്കാരും. വിവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിൽ എത്തിയവരും വെള്ളം കിട്ടാതെ വലഞ്ഞു. സെക്രട്ടേറിയറ്റിലെ രണ്ട് അനക്സിലും ഇതേ സ്ഥിതിയായിരുന്നു. ഉദ്യോഗസ്ഥരിലേറെപ്പേരും ഉച്ചയോടെ വീടുകളിലേക്ക് മടങ്ങി. സെക്രട്ടേറിയറ്റിന്റെ പ്രവർത്തനത്തെയും ഇത് ബാധിച്ചു.
പൈപ്പ്‌ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ മുതൽ ജലവിതരണം മുടങ്ങിയിരുന്നു. ഇന്നലെ രാവിലെ 8ന് ജലവിതരണം പുനഃസ്ഥാപിക്കുമെന്നാണ് അറിയിച്ചതെങ്കിലും പണി പൂർത്തിയായില്ല. ഇതോടെ സ്ഥിതി ഗുരുതരമാവുകയായിരുന്നു.
മന്ത്രിമാരും ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെടെ അയ്യായിരത്തിലേറെപ്പേരാണ് സെക്രട്ടേറിയറ്റിലുള്ളത്. മുഖ്യമന്ത്രി ഇന്നലെ സെക്രട്ടേറിയറ്റിൽ എത്തിയിരുന്നില്ല. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ഇന്നലെ തലസ്ഥാനത്തില്ലായിരുന്നു . മറ്റു മന്ത്രിമാർ ഇന്നലെ സെക്രട്ടേറിയറ്റ് ഓഫിസുകളിലുണ്ടായിരുന്നു. വിവരമറിഞ്ഞ് മന്ത്രി റോഷി അഗസ്റ്റിൻ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അടിയന്തരമായി ജലം എത്തിക്കാൻ നിർദേശം നൽകി . പിന്നാലെ ഉച്ചയ്ക്ക് ഒന്നരയോടെ സെക്രട്ടേറിയറ്റിൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുകയായിരുന്നു.