ലൈംഗികമായി പീഡിപ്പിച്ചെന്ന് വീട്ടമ്മ; നിഷേധിച്ച് പൊലീസ് ഉദ്യോഗസ്ഥർ
Mail This Article
മലപ്പുറം ∙ 3 പൊലീസ് ഉദ്യോഗസ്ഥർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി വീട്ടമ്മ. ആരോപണം മുൻ എസ്പി എസ്.സുജിത് ദാസ്, താനൂർ ഡിവൈഎസ്പി വി.വി.ബെന്നി, കോട്ടയ്ക്കൽ ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ എന്നിവർ നിഷേധിച്ചു. പൊന്നാനി സ്വദേശിയായ യുവതി സ്വകാര്യ ചാനലിലൂടെയാണ് സുജിത് ദാസ്, ബെന്നി, വിനോദ് എന്നിവർക്കെതിരെ ആരോപണം ഉന്നയിച്ചത്. അടിസ്ഥാനരഹിതമായ ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മുട്ടിൽ മരംമുറി കേസ് സത്യസന്ധമായി അന്വേഷിച്ചതിന്റെ പ്രതികാരം തീർക്കാനാണു വ്യാജ ആരോപണവുമായി ചിലർ രംഗത്തെത്തിയതെന്നു വി.വി.ബെന്നി പറഞ്ഞു. സുൽത്താൻ ബത്തേരി ഡിവൈഎസ്പിയായിരിക്കെ മുട്ടിൽ മരംമുറി കേസിന്റെ അന്വേഷണച്ചുമതല വഹിച്ച ബെന്നി തന്നെയാണു കേസ് ഇപ്പോഴും അന്വേഷിക്കുന്നത്.
അതേസമയം, യുവതിയുടെ ആരോപണം നേരത്തേ ജില്ലാ സ്പെഷൽ ബ്രാഞ്ചിന്റെ അന്വേഷണത്തിൽ വ്യാജമാണെന്നു കണ്ടെത്തിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കാര്യം തെളിയിക്കുന്ന രേഖകൾ പൊലീസ് പുറത്തുവിട്ടു. അന്നു സ്പെഷൽ ബ്രാഞ്ചിനു നൽകിയ മൊഴിയിൽ യുവതി എസ്പിയുടെ പേര് പറഞ്ഞിരുന്നില്ല.
തറവാട് വീടിന്റെ അവകാശവുമായി ബന്ധപ്പെട്ട് സഹായം ചോദിച്ചെത്തിയ തന്നെ അന്നു പൊന്നാനി സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന വിനോദ് പീഡിപ്പിച്ചുവെന്നാണു യുവതിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട പരാതി പറഞ്ഞപ്പോൾ ഡിവൈഎസ്പി ഉപദ്രവിക്കാൻ ശ്രമിച്ചതായും പിന്നീട് എസ്പി പീഡിപ്പിച്ചുവെന്നും ആരോപിക്കുന്നു.
അതേസമയം, അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ച് ആളുകളിൽനിന്നു പണം തട്ടുന്നതു യുവതിയുടെ പതിവായിരുന്നുവെന്നും ഇതിനെതിരെ താക്കീത് നൽകിയതിന്റെ പേരിലാണ് ആരോപണമെന്നും ഇപ്പോൾ കോട്ടയ്ക്കൽ ഇൻസ്പെക്ടറായ വിനോദ് പറഞ്ഞു. ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നുമായിരുന്നു സുജിത് ദാസിന്റെ പ്രതികരണം.
സത്യമെങ്കിൽ ഗൗരവമുള്ളത്: അൻവർ
മലപ്പുറം ∙ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുന്നയിച്ച സ്ത്രീ അതു ചാനലിലൂടെ വെളിപ്പെടുത്തുമ്പോൾ താനും സ്ഥലത്തുണ്ടായിരുന്നുവെന്നു പി.വി.അൻവർ എംഎൽഎ. ഒന്നും ഒളിച്ചു ചെയ്യുന്നില്ല. ആരോപണം സത്യമെങ്കിൽ അതീവ ഗൗരവമുള്ളതാണെന്നും അൻവർ പറഞ്ഞു.