ADVERTISEMENT

തിരുവനന്തപുരം∙ ‍രണ്ടാം പിണറായി സർക്കാരിന്റെ നാലാം നൂറുദിന കർമ പരിപാടി 2 മാസം പിന്നിട്ടപ്പോഴും പൂർത്തിയായത് 5% പദ്ധതികൾ മാത്രം. 1079 പദ്ധതികളിൽ 63 എണ്ണം മാത്രമാണു തീർക്കാനായത്. 27 വകുപ്പുകൾ ഒരു പദ്ധതി പോലും പൂർത്തിയാക്കിയില്ല. മുഖ്യമന്ത്രിയുടെ ആഭ്യന്തരം, ഐടി, ദുരന്തനിവാരണം, നോർക്ക, പരിസ്ഥിതി, ശാസ്ത്ര സാങ്കേതികം, ആസൂത്രണം വകുപ്പുകളും ഇതിലുണ്ട്. കർമപരിപാടി പൂർത്തിയാക്കാൻ 41 ദിവസം മാത്രം ശേഷിക്കെ , സർവ സന്നാഹങ്ങളുമെടുത്തു ശ്രമിച്ചാൽ മാത്രമേ വാഗ്ദാനം പാലിക്കാൻ കഴിയുകയുള്ളൂ. സാമ്പത്തിക ഞെരുക്കം മൂലമാണു പദ്ധതികൾ ഇഴയുന്നതെന്നാണു വിവരം. 

ഏറ്റവുമധികം പദ്ധതികൾ നടപ്പാക്കേണ്ടത് ആരോഗ്യം (92), ആഭ്യന്തരം (85) വകുപ്പുകളിലാണെന്നിരിക്കെ ഇരു വകുപ്പുകളിലും പൂർത്തീകരണം പൂജ്യമാണ്. ഏറ്റവുമധികം തുക മുടക്കുന്ന പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നതു തുറമുഖം (8881.76 കോടി), ഭവനനിർമാണം (2489.88 കോടി) വകുപ്പുകളിലാണ്. എന്നാൽ തുറമുഖവകുപ്പിലെ 8867 കോടിയും വിഴിഞ്ഞം പദ്ധതിയുടെ കമ്മിഷനിങ് കണക്കിലാണ്. മുൻ സർക്കാരുകളുടെ കാലത്തു തുടങ്ങിവച്ചതും സ്വകാര്യ കമ്പനി വൻതുക മുടക്കിയതുമായ പദ്ധതിയാണിത്. ഭവനനിർമാണ വകുപ്പിലെ 2489.88 കോടിയിൽ 2399.32 കോടി രൂപ ഡിപിആർ ഘട്ടത്തിലുള്ള മറൈൻ ഡ്രൈവ് പദ്ധതിക്കു വേണ്ടിയാണ്. മരാമത്ത് വകുപ്പ് 1995.81 കോടിയുടെ പദ്ധതി നടപ്പാക്കേണ്ടതിൽ രണ്ടെണ്ണം മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ. 1456.62 കോടിയുടെ പദ്ധതി നടപ്പാക്കേണ്ട തദ്ദേശ വകുപ്പും 1028.92 കോടിയുടെ പദ്ധതി നടപ്പാക്കേണ്ട ഐടി വകുപ്പും ഒന്നും പൂർത്തിയാക്കിയില്ല.

46 പശ്ചാത്തല വികസന പദ്ധതികളും 17 ക്ഷേമപദ്ധതികളുമാണ് ഇതിനകം പൂർത്തിയായത്. 72ൽ 14 പൂർത്തിയാക്കിയ കായിക–യുവജനകാര്യ വകുപ്പും 40ൽ എട്ടെണ്ണം നടപ്പാക്കിയ വ്യവസായ വകുപ്പുമാണു മുന്നിൽ. പദ്ധതികളുടെ ഭാഗമായ പദ്ധതി ഘടകങ്ങൾ 1791 എണ്ണമുള്ളതിൽ 502 എണ്ണം പൂർത്തിയായിട്ടുണ്ട്. എന്നാൽ ആഭ്യന്തരം, ആസൂത്രണം, ധനം, സഹകരണം തുടങ്ങിയ വകുപ്പുകൾ ഇക്കാര്യത്തിലും ‘പൂജ്യർ’ ആണ്. പദ്ധതി പൂർത്തീകരണം മാത്രമല്ല, തുടങ്ങിവയ്ക്കുന്നതും കർമപരിപാടിയുടെ ഭാഗമാണെന്നു സർക്കാർ പറയുന്നു. 

∙ ഒരു പദ്ധതിയും പൂർത്തിയാക്കാത്ത വകുപ്പുകൾ

ആരോഗ്യം, ആഭ്യന്തരം, ആയുഷ്, ഭവനനിർമാണം, ഐടി, ആസൂത്രണ സാമ്പത്തികകാര്യം, ഉൾനാടൻ ജലഗതാഗതം, കയർ, ഗതാഗതം, ജലവിഭവം, തദ്ദേശം, തുറമുഖം, തൊഴിൽ, ദുരന്തനിവാരണം, ദേവസ്വം, ധനം, നികുതി, നോർക്ക, ന്യൂനപക്ഷക്ഷേമം, പരിസ്ഥിതി, ഭവനനിർമാണം, വനിതാ–ശിശുവികസനം, ടൂറിസം, ശാസ്ത്ര സാങ്കേതികം, സഹകരണം, സാമൂഹിക നീതി, റവന്യു. 

English Summary:

Project completion lagging; Behind departments of Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com