മെഡിക്കൽ കോർപറേഷനിൽ അനധികൃത നിയമനം സ്ഥിരീകരിച്ച് തൊഴിൽ വകുപ്പ്
Mail This Article
കോഴിക്കോട് ∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ (കെഎംഎസ്‌സിഎൽ) വ്യാപകമായി അനധികൃത നിയമനങ്ങൾ നടന്നതായി സ്ഥിരീകരിച്ച് തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് ഓഫിസ്. തൊഴിൽ വകുപ്പിനു കീഴിലുള്ള എംപ്ലോയ്മെന്റ് ഓഫിസർ ജൂൺ 17ന് കെഎംഎസ്‌സിഎലിൽ നടത്തിയ പരിശോധനയിലാണു കംപൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസീസ് (സിഎൻവി) ചട്ടങ്ങൾക്കു വിരുദ്ധമായ നിയമനങ്ങൾ നടന്നതായി വ്യക്തമായത്. ഇതു സംബന്ധിച്ച റിപ്പോർട്ട് എംപ്ലോയ്മെന്റ് ഡയറക്ടർക്കും കെഎംഎസ്‌സിഎൽ മാനേജിങ് ഡയറക്ടർക്കും കൈമാറി.
-
Also Read
കർമപരിപാടി കഠിനം !
സർക്കാർ നിർദേശങ്ങളും കരാർ നിയമന ചട്ടങ്ങളും കാറ്റിൽപറത്തി കോർപറേഷനിൽ 186 പേരെ നിയമിച്ചിട്ടുണ്ടെന്നും ഇതിൽ 135 പേരും ജോലിയിൽ തുടരുന്നുണ്ടെന്നും ആരോഗ്യ മന്ത്രി നിയമസഭയിൽ സമ്മതിച്ചിരുന്നു. അതേസമയം, കരാർ–ദിവസവേതന ജീവനക്കാരുടെ സേവന വിവരങ്ങൾ സംബന്ധിച്ച പരിശോധന ഇതുവരെ പൂർത്തിയായിട്ടില്ലെന്നാണു കെഎംഎസ്‌സിഎലിന്റെ വിവരാവകാശ മറുപടി. അനധികൃതമായി ജോലിയിൽ പ്രവേശിച്ചവരുടെ വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ, അതു ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്നും ഫയലുകൾ നേരിട്ടെത്തി പരിശോധിക്കാനുമാണു മറുപടി നൽകിയത്.
പത്രങ്ങളിലോ വെബ്സൈറ്റിലോ ഒരു വിജ്ഞാപനവും പ്രസിദ്ധീകരിക്കാതെയാണ് കെഎംഎസ്‌സിഎലിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റിയത്. യോഗ്യതയുള്ള ഉദ്യോഗാർഥികളെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ലഭിച്ചില്ലെങ്കിൽ പത്രപ്പരസ്യം നൽകി ഉദ്യോഗാർഥികളെ ക്ഷണിക്കണം. എന്നിട്ടും ആളെ കിട്ടിയില്ലെങ്കിൽ മാത്രമേ നേരിട്ടു നിയമനം നടത്താവൂ. പിഎസ്‌സിയുടെ പരിധിയിൽ വരാത്ത എല്ലാ നിയമനങ്ങളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണം എന്ന ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് 2023 ഏപ്രിൽ വരെ നടന്നത്. ഇതു സംബന്ധിച്ചു ജീവനക്കാരിൽ നിന്നു നിയമനരേഖകൾ നേരിട്ടു വാങ്ങി പരിശോധിക്കുന്നുണ്ടെങ്കിലും 6 മാസമായിട്ടും റിപ്പോർട്ട് തയാറായിട്ടില്ല.
തൊഴിൽ വകുപ്പിന്റെ 2004 ലെ ഉത്തരവ് കെഎംഎസ്‌സിഎൽ പാലിക്കാൻ തുടങ്ങിയതു തന്നെ 2023 ഏപ്രിലിലാണ്. 2008ൽ രൂപീകൃതമായ കോർപറേഷനിൽ അതു വരെ നടന്ന മിക്ക നിയമനങ്ങളിലും ജീവനക്കാരുടെ യോഗ്യത പരിശോധിക്കുകയോ ഒഴിവുകൾ പരസ്യപ്പെടുത്തി അപേക്ഷകരെ ക്ഷണിക്കുകയോ ഉണ്ടായിട്ടില്ല.
കെഎംഎസ്‌സിഎലിലെ ഭൂരിഭാഗം ജീവനക്കാരും കരാർ–ദിവസവേതന–ഔട്സോഴ്സ് വ്യവസ്ഥയിലാണു ജോലി ചെയ്യുന്നത്. ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി സ്ഥിരനിയമനം ലഭിച്ച 9 ജീവനക്കാരുടെയും, കരാർ അടിസ്ഥാനത്തിലുള്ള 669 ജീവനക്കാരുടെയും, ദിവസവേതന അടിസ്ഥാനത്തിലുള്ള 39 ജീവനക്കാരുടെയും, ഔട്സോഴ്സ് അടിസ്ഥാനത്തിലുള്ള 161 ജീവനക്കാരുടെയും നിയമന രേഖകളാണു പരിശോധിക്കുന്നത്.