മസ്റ്ററിങ് മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങൾക്ക് മാത്രം
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് ആരംഭിക്കുന്ന റേഷൻ കാർഡ് അംഗങ്ങളുടെ ബയോമെട്രിക് മസ്റ്ററിങ് പൂർണമായും മുൻഗണനാ കാർഡിലെ (മഞ്ഞ, പിങ്ക്) അംഗങ്ങൾക്കു മാത്രമായിരിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഇന്നു മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലാണ് ആദ്യഘട്ടത്തിൽ മസ്റ്ററിങ്. മസ്റ്ററിങ്ങിന് മുന്നോടിയായി ഇന്നലെ സംസ്ഥാന, ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി ഓൺലൈനായി വിളിച്ചുചേർത്തു. മുൻഗണനാ കാർഡിലെ അംഗങ്ങൾക്ക് മാത്രമാണ് മസ്റ്ററിങ് എന്നതിനാൽ റേഷൻ കടകളിൽ മാത്രമാകും നടപടിയെന്നും മന്ത്രി പറഞ്ഞു.
ആദിവാസി ഊരുകളിൽ താമസിക്കുന്ന മുൻഗണനാ കാർഡിലെ അംഗങ്ങൾക്ക് മസ്റ്ററിങ്ങിനായി സഞ്ചരിക്കുന്ന റേഷൻകടയുടെ സേവനം ഉറപ്പാക്കണം. പട്ടികജാതി വികസന വകുപ്പിന്റെയും വനംവകുപ്പിന്റെയും സേവനം പരമാവധി പ്രയോജനപ്പെടുത്തി, ആദിവാസി ഊരുകളിൽ താമസിക്കുന്ന മുഴുവൻ റേഷൻകാർഡ് അംഗങ്ങളെയും മസ്റ്ററിങ് നടത്തണം.
മസ്റ്ററിങ് നടക്കുന്ന ദിവസങ്ങളിൽ റേഷനിങ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ജില്ലയിലെ മുഴുവൻ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരും ഫീൽഡിൽ സജീവമായിരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.