വിദേശകാര്യ സ്ഥിരം സമിതി അധ്യക്ഷ പദവി തരൂരിന്
Mail This Article
ന്യൂഡൽഹി ∙ വിദേശകാര്യ മന്ത്രാലയത്തിനായുള്ള പാർലമെന്ററി സ്ഥിരം സമിതിയുടെ അധ്യക്ഷ പദവി ശശി തരൂരിന് നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ് വിദ്യാഭ്യാസ മന്ത്രാലയത്തിനായുള്ള സമിതിയെ നയിക്കും. പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയെ കൃഷി മന്ത്രാലയത്തിനു വേണ്ടിയുള്ള സ്ഥിരം സമിതിയുടെയും സപ്തഗിരി ശങ്കർ ഉലകയെ ഗ്രാമവികസന മന്ത്രാലയത്തിനായുള്ള സ്ഥിരം സമിതിയുടെയും അധ്യക്ഷരാക്കും.
ലോക്സഭയിലെ അംഗബലം വർധിപ്പിച്ച കോൺഗ്രസിന് 4 സ്ഥിരം സമിതി അധ്യക്ഷ പദവി നൽകാൻ കേന്ദ്ര സർക്കാരുമായുള്ള ചർച്ചയിൽ തീരുമാനമായിരുന്നു. രാജ്യസഭയിൽ നിന്നാണ് വിദ്യാഭ്യാസ സ്ഥിരം സമിതിക്ക് അധ്യക്ഷനെ കണ്ടെത്തേണ്ടിയിരുന്നത്. അതൊഴികെ 3 സമിതികളുടെയും അധ്യക്ഷ സ്ഥാനം ലോക്സഭയിൽ നിന്നാണ്.
ആഭ്യന്തര മന്ത്രാലയത്തിനുള്ള സമിതി കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും സർക്കാർ താൽപര്യപ്പെട്ടില്ല. വനം, പരിസ്ഥിതി മന്ത്രാലയമോ മറ്റോ നൽകാമെന്നായിരുന്നു പ്രതികരണം. അതിനോടു യോജിക്കാതിരുന്ന കോൺഗ്രസ് വിദ്യാഭ്യാസ സമിതിക്കായി വാദിച്ചു.
കഴിഞ്ഞ തവണ വനം, പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന ജയറാം രമേശിന് ഇക്കുറി പദവി ലഭിച്ചില്ല. സർക്കാരുമായി സമിതി പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നത് ജയറാം രമേശായിരുന്നു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനായി കെ.സി. വേണുഗോപാലിനെ നിയോഗിച്ചതിനാൽ ദക്ഷിണേന്ത്യയിൽ നിന്ന് മറ്റൊരാളെ കൂടി പരിഗണിക്കാൻ നേതൃത്വം താൽപര്യപ്പെട്ടില്ലെന്നാണ് സൂചന.