ട്രഷറി നിയന്ത്രണത്തിൽ ബിൽ ഡിസ്കൗണ്ടിങ്ങും: പദ്ധതി പ്രവർത്തനം താളം തെറ്റും; കരാറുകാർക്കും തിരിച്ചടി
Mail This Article
തിരുവനന്തപുരം ∙ ട്രഷറി നിയന്ത്രണത്തിൽ ബിൽ ഡിസ്കൗണ്ടിങ് കൂടി ഉൾപ്പെടുത്തിയത് പൊതുമരാമത്ത്, തദ്ദേശ സ്ഥാപന കരാർ പ്രവൃത്തികളെ ഗുരുതരമായി ബാധിക്കും. തദ്ദേശ സ്ഥാപന കരാറുകളിൽ മാത്രം 753 കോടി രൂപയാണ് സർക്കാർ നൽകാനുള്ളത്. പൊതുമരാമത്ത് കരാറുകാർക്കും കോടികൾ നൽകാനുണ്ട്. കരാറുകാർക്കുള്ള തുക സർക്കാർ ഗാരന്റിയിൽ ബാങ്കിൽനിന്നു വായ്പയായി ലഭ്യമാക്കുന്നതാണ് ബിൽ ഡിസ്കൗണ്ടിങ്. പലിശയുടെ 5% സർക്കാരും ബാക്കി കരാറുകാരും വഹിക്കണം.
-
Also Read
ഓണം ബംപർ: വിൽപന 37 ലക്ഷം കടന്നു
കരാറുകാരുടെ ബില്ലുകൾക്കു കൂടി നിയന്ത്രണം വന്നതോടെ പദ്ധതി പ്രവർത്തനങ്ങൾ താളം തെറ്റും. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി എല്ലാ വകുപ്പുകളുടെയും പദ്ധതി വെട്ടിക്കുറയ്ക്കുന്നതിനിടെയാണ് ട്രഷറി നിയന്ത്രണവും. സർക്കാർ തടഞ്ഞുവച്ച ഒട്ടേറെ ആനുകൂല്യങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനവും ഇത്തവണത്തേതിന്റെ തുടക്കത്തിലുമായാണു വിതരണം ചെയ്തത്.
കടമെടുക്കാൻ കഴിഞ്ഞതിനാൽ ഇൗ വർഷം ഇതുവരെ ചെലവുകൾക്കു കാര്യമായ തടസ്സവുമുണ്ടായില്ല. എന്നാൽ ഓണത്തിന് 20,000 കോടി രൂപയ്ക്കു മേൽ ചെലവിടേണ്ടി വന്നതോടെ പ്രതിസന്ധി കടുത്തു. വിവിധ വകുപ്പുകൾക്കു കീഴിൽ വിതരണം ചെയ്യേണ്ട ആനുകൂല്യങ്ങളെല്ലാം വരും ദിവസങ്ങളിൽ മുടങ്ങും. 5 ലക്ഷം രൂപയ്ക്കു മേലുള്ള ഏതു ബില്ലും പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണമെന്നാണ് നിർദേശം.