മാട്ടുപ്പെട്ടി എക്കോ പോയിന്റിലെ സംഘർഷം; കേസെടുത്തു
Mail This Article
മൂന്നാർ ∙ മാട്ടുപ്പെട്ടി എക്കോ പോയിന്റിൽ വ്യാഴാഴ്ചയുണ്ടായ സംഘർഷത്തിൽ ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. ഹൈഡൽ ടൂറിസം ജീവനക്കാരായ അഞ്ചുപേർക്കെതിരെയും കൊല്ലം സ്വദേശികളായ രണ്ടുപേർക്കെതിരെയുമാണു മൂന്നാർ പൊലീസ് കേസെടുത്തത്. ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണു കേസ്.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊല്ലം കരിയപ്ര സ്വദേശികളായ 30 പേരടങ്ങുന്ന സംഘം പെഡൽ ബോട്ടിങ് നടത്താനായി ടിക്കറ്റെടുത്തു. ബോട്ടിങ്ങിനെത്തിയ ഇവരോടു ജീവനക്കാർ 10 രൂപ നൽകി പ്രവേശന ഫീസ് എടുക്കാനാവശ്യപ്പെട്ടതോടെയാണു തർക്കമുണ്ടായത്. തർക്കം രൂക്ഷമായതോടെ സംഘർഷമുണ്ടാകുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരും ജീവനക്കാരും ചേർന്നു സഞ്ചാരികളെ മർദിച്ചെന്നാണു പരാതി.സംഘർഷത്തിൽ 7 സഞ്ചാരികൾക്കും 2 ഹൈഡൽ ജീവനക്കാർക്കും പരുക്കേറ്റിരുന്നു. നട്ടെല്ലിനു പൊട്ടലേറ്റ കരിയപ്ര ആറുമുറി അയിനികുറ്റിവിളയിൽ എ.നജ്മബീവിയെ (62) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.