മരങ്ങൾ മുറിച്ചു മാറ്റൽ: ഉത്തരവ് മാറ്റി ജില്ലാ ഭരണകൂടം
Mail This Article
അടിമാലി ∙ ദേശീയ പാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ദൂരത്തിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് മുൻ ജില്ല കലക്ടർ മൂന്നാർ ഡിഎഫ്ഒയ്ക്ക് നൽകിയ ഉത്തരവിലെ പ്രസക്ത ഭാഗങ്ങൾ ഒഴിവാക്കി ജില്ലാ ഭരണകൂടം. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ വീണുണ്ടാകുന്ന അപകടങ്ങൾക്കും വിലയേറിയ മനുഷ്യ ജീവൻ ഉൾപ്പെടെ എല്ലാ കഷ്ടനഷ്ടങ്ങൾക്കും മൂന്നാർ ഡിഎഫ്ഒ ഉത്തരവാദി ആയിരിക്കുമെന്ന ഭാഗമാണ് ഒഴിവാക്കി പുതിയ കലക്ടർ വി.വിഘ്നേശ്വരി ഉത്തരവ് ഇറക്കിയത്.
ദേശീയ പാതയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കിയിട്ടുണ്ടെന്നും ഏതെങ്കിലും മരങ്ങൾ അപകടാവസ്ഥയിൽ ആകുകയാണെങ്കിൽ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് പ്രാദേശിക ട്രീ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും മരങ്ങൾ മുറിച്ചു നീക്കുന്നതിനുള്ള ചുമതല നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടറെ ഏൽപിച്ചതായും 20ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഇതോടെ സങ്കീർണമായി നിന്നിരുന്ന നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരത്തിലെ മരം മുറി വിഷയത്തിൽ നിന്ന് വനം– റവന്യു വകുപ്പുകൾ തന്ത്രപരമായി പിന്മാറിയതായുള്ള ആക്ഷേപം ഉയർന്നിട്ടുണ്ട്. നേര്യമംഗലം വനമേഖലയിൽ 14.5 കിലോമീറ്റർ ദൂരത്തിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതു സംബന്ധിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വനം– റവന്യു വകുപ്പുകളെ കക്ഷി ചേർത്ത് 2 ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ഇതു സംബന്ധിച്ച് കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നങ്കിലും തൃപ്തികരമായ മറുപടി നൽകാൻ വകുപ്പുകൾക്ക് കഴിഞ്ഞിരുന്നില്ല.
നേര്യമംഗലം മുതൽ വാളറ വരെയുള്ള ദൂരത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കിയതായി ഡിഎഫ്ഒയും സംയുക്ത പരിശോധനാ സമിതിയും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.