ADVERTISEMENT

പുതുപ്പള്ളി ∙ പുതുപ്പള്ളിയിൽ നിർമിക്കുന്ന മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേരു നൽകുമെന്നു മന്ത്രി എം.ബി.രാജേഷ്. നവീകരിച്ച കമ്യൂണിറ്റി ഹാളിന് ഇഎംഎസ് സ്മാരക ഹാൾ എന്നു പേരിട്ടതു സംബന്ധിച്ച വിവാദം അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പുതുപ്പള്ളി പഞ്ചായത്തിലെ നവീകരിച്ച കമ്യൂണിറ്റി ഹാളിന്റെയും പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നിർമിച്ച വഴിയിടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങ് കോൺഗ്രസ് ബഹിഷ്കരിച്ചു.

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെയും ഇഎംഎസിനെയും ഇഷ്ടപ്പെടുന്നവരുണ്ട്. ഇരുവരും വ്യത്യസ്ത രാഷ്ട്രീയമാണെങ്കിലും ആദരിക്കപ്പെടുന്നവരാണെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പള്ളം ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചൻ ജോസഫ്, പുതുപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ്, അനിൽ എം.ചാണ്ടി, സിപിഎം ഏരിയ സെക്രട്ടറി സുഭാഷ് പി.വർഗീസ്, ശാന്തമ്മ തോമസ്, ശാന്തമ്മ ഫിലിപ്പോസ്, സി.എസ്.സുധൻ, ജിനു വി.കുമാർ, വിഷ്ണുപ്രസാദ് എന്നിവർ പ്രസംഗിച്ചു.

ആരാണ് ആ നേതാവ്?

∙ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് ഇഎംഎസിന്റെ പേരു നൽകുന്നതു വിവാദമായപ്പോൾ സംസ്ഥാനത്തെ മുതിർന്ന ഒരു രാഷ്ട്രീയ നേതാവ് വിളിച്ചെന്നും പരിപാടിയിൽ പങ്കെടുക്കണമോയെന്നു ചോദിച്ചെന്നും മന്ത്രി എം.ബി.രാജേഷ്. 

എംഎൽഎ, എംപി ഫണ്ടിൽ നിന്നു തുക അനുവദിച്ചു നിർമാണം നടത്തിയാൽ പേരിടുന്നതിനു തടസ്സം ഉണ്ടാകുമെന്ന് ഈ മുതിർന്ന നേതാവ് പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത തേടാനായി ഉദ്യോഗസ്ഥരിൽ നിന്നു റിപ്പോർട്ട് തേടി. എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ചില്ലെന്നാണു മനസിലാക്കാൻ കഴിഞ്ഞത്. ഇതിനു ശേഷമാണ് പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. നേതാവിന്റെ പേരു മന്ത്രി വെളിപ്പെടുത്തിയില്ല.

∙ മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേരിടാമെന്ന് മന്ത്രി എംബി.രാജേഷ് പ്രഖ്യാപിച്ചതു നല്ല കാര്യമാണ്. പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയും ഉമ്മൻ ചാണ്ടിയെ നേരിട്ടുകണ്ട് രണ്ടാമതും ഒന്നേകാൽ കോടി അനുവദിക്കണമെന്ന് അഭ്യർഥിച്ചു. എന്നാൽ അന്ന് ഉമ്മൻ ചാണ്ടി അസുഖബാധിതനായി ബെംഗളൂരുവിലേക്കു ചികിത്സയ്ക്കായി പോയതിനാൽ ഫണ്ട് നൽകാൻ കഴിഞ്ഞില്ല. എംഎൽഎ ഫണ്ടിൽനിന്ന് ഉമ്മൻ ചാണ്ടി ആദ്യം അനുവദിച്ച ഒന്നേകാൽ കോടി ഉപയോഗിച്ചാണു കെട്ടിട നിർമാണം ആരംഭിച്ചത്. പിന്നീട് ഇതുവരെ ഒന്നും നടന്നില്ല. നിർമാണം പൂർത്തിയാകാത്ത മിനി സിവിൽ സ്റ്റേഷന് എങ്ങനെ ഉമ്മൻ ചാണ്ടിയുടെ പേരിടും?- സാം കെ.വർക്കി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്

English Summary:

Puthuppally Panchayat naming controversy should end: MB Rajesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com