ഇഎസ്എ അന്തിമമാക്കുന്നത് നാലുവരെ തടഞ്ഞ് ഹൈക്കോടതി
Mail This Article
കൊച്ചി ∙ കേരളത്തിലെ പ്രദേശങ്ങളുമായി ബന്ധപ്പെട്ട്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ചെയ്ത പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് (ഇഎസ്എ) അന്തിമമാക്കുന്നതു ഹൈക്കോടതി നാലുവരെ തടഞ്ഞു. പൂഞ്ഞാർ സ്വദേശി തോംസൺ കെ.ജോർജ്, തീക്കോയി സ്വദേശി ടോബിൻ സെബാസ്റ്റ്യൻ എന്നിവർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് വി.ജി.അരുണിന്റെ ഇടക്കാല ഉത്തരവ്. കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടിയ ഹൈക്കോടതി ഹർജി നാലിനു പരിഗണിക്കാൻ മാറ്റി.
ജൂലൈ 31നാണു കേന്ദ്രമന്ത്രാലയം ഇഎസ്എ കരട് വിജ്ഞാപനം ചെയ്തത്. കേരളത്തിൽ 131 വില്ലേജുകളാണു വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. 60 ദിവസത്തിനുള്ളിൽ എതിർപ്പുകൾ അറിയിക്കാനാണു നിർദേശം. കേരളവുമായി ബന്ധപ്പെട്ട പ്രദേശങ്ങളുടെ കാര്യത്തിൽ മലയാളത്തിലും വിജ്ഞാപനം വേണമെന്നു മുൻ ഉത്തരവുകളുണ്ട്. വിജ്ഞാപനത്തിന്റെ മലയാളം പരിഭാഷ പ്രസിദ്ധപ്പെടുത്തിയതിനുശേഷം മാത്രമേ എതിർപ്പ് അറിയിക്കാനുള്ള സമയം ആരംഭിക്കുകയുള്ളൂ. വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന തീയതി തെറ്റാണ്. വിജ്ഞാപനത്തിൽ അവ്യക്തയുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണു ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്.