തദ്ദേശസ്ഥാപനം: വാർഡുകൾ കൂടിയില്ലെങ്കിലും അതിർത്തി മാറും
Mail This Article
തിരുവനന്തപുരം ∙ വാർഡുകളുടെ എണ്ണം കൂടാത്ത തദ്ദേശസ്ഥാപനത്തിലും നിലവിലെ വാർഡുകളുടെ അതിർത്തി മാറുമെന്നു സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷന്റെ മാർഗരേഖ. ഇതോടെ വാർഡുകളുടെ പേരും നമ്പറും വീട്ടുനമ്പറും മാറേണ്ടിവരും. 2011ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യയാണ് വാർഡ് പുനർവിഭജനത്തിന്റെ ഒരു മാനദണ്ഡം.
പഞ്ചായത്തുകളിൽ 14 മുതൽ 24 വരെ, നഗരസഭകളിൽ 26 മുതൽ 53 വരെ, കോർപറേഷനുകളിൽ 56 മുതൽ 101 വരെ എന്നിങ്ങനെ വാർഡുകളുടെ കുറഞ്ഞതും കൂടിയതുമായ എണ്ണം നിശ്ചയിച്ചിട്ടുള്ളതാണ് മറ്റൊരു മാനദണ്ഡം. ഇതനുസരിച്ച് 55 പഞ്ചായത്തുകളിലും 8 നഗരസഭകളിലും വാർഡുകളുടെ എണ്ണത്തിൽ വ്യത്യാസമില്ല. എന്നാൽ, 2011ലെ സെൻസസ് അടിസ്ഥാനമാക്കി ഓരോ വാർഡിലും ജനസംഖ്യ ക്രമീകരിക്കുന്നതിനായി അതിർത്തികൾ മാറ്റി നിശ്ചയിക്കും. 2015ലെ തിരഞ്ഞെടുപ്പിന് മുൻപ് പുതുതായി നിലവിൽ വന്ന 28 നഗരസഭകളിലും വാർഡ് പരിഷ്കരണം നടന്ന കൊല്ലം കോർപറേഷൻ, തളിപ്പറമ്പ്, നീലേശ്വരം നഗരസഭകൾ, 6 പഞ്ചായത്തുകൾ എന്നിവയിലും വാർഡ് അതിർത്തികളിൽ മാറ്റം വരും.
പഞ്ചായത്തുകളിൽ 15,000 പേർക്ക് വരെ 14 വാർഡുകളും പിന്നീടുള്ള ഓരോ 2500 പേർക്കും ഒരു അധിക വാർഡും എന്ന കണക്കിൽ പരമാവധി 24 വാർഡുകളാകാം. നഗരസഭകളിൽ 20,000 പേർക്കു വരെ 26 വാർഡുകളും തുടർന്നുള്ള ഓരോ 2500 പേർക്കും ഒരു അധിക വാർഡും എന്ന ക്രമത്തിൽ പരമാവധി 53 വാർഡുകൾ. കോർപറേഷനുകളിൽ 4 ലക്ഷം പേർക്കു വരെ 56 വാർഡുകളും ഇതിൽ കൂടുതലുള്ള ഓരോ 10,000 പേർക്കും ഒരു അധിക വാർഡും എന്ന കണക്കിൽ പരമാവധി 101 വാർഡ് വരെ ആകാം.