ADVERTISEMENT

ആലപ്പുഴ ∙ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലെ വ്യാപക ക്രമക്കേടുകൾ പുറത്തുവരാൻ തുടങ്ങിയതോടെ, നടന്ന ഇടപാടുകൾ ക്രമപ്പെടുത്താൻ നെട്ടോട്ടം. വിവിധ സെക്‌ഷനുകളിൽ ഫയൽ നീക്കം തകൃതിയായി. തുക അനുവദിച്ച ഇടപാടുകളിൽ രേഖകൾ ക്രമപ്പെടുത്താനും അന്വേഷണത്തിനു മുൻപേ കഴിയുന്നത്ര തുക അനുവദിക്കാനുമാണു ശ്രമം. നവകേരള സദസ്സുമായി ബന്ധപ്പെട്ട അച്ചടി, വിഡിയോ ഡോക്യുമെന്റേഷൻ, പരസ്യ പ്രചാരണം തുടങ്ങിയവയുടെ ബിൽ തുക പാസാക്കാനുള്ള ഫയലുകൾ അന്തിമ ഉത്തരവിനായി പിആർഡി ഡയറക്ടർക്കു മുന്നിലെത്തി. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു പ്രമുഖന്റെ മകന്റെ സ്ഥാപനം നവകേരള സദസ്സിന്റെ ലൈവ് സ്ട്രീമിങ് നടത്തിയ വകയിൽ സമർപ്പിച്ച വൻ        തുകയ്ക്കുള്ള ബില്ലുകളും കൂട്ടത്തിലുണ്ട്. 

  • Also Read

ടെൻഡർ നടപടി മറികടക്കാൻ കോസ്റ്റ് കമ്മിറ്റിയുടെ അംഗീകാരം നേടിയാണു ബില്ലുകൾ ഡയറക്ടർക്കു മുന്നിലെത്തിയത്. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്നയാളും ഈ കോസ്റ്റ് കമ്മിറ്റിയിലുണ്ട്. മറ്റ് അംഗങ്ങൾ വകുപ്പിനു പുറത്തുനിന്നുള്ളവരാണ്. ക്രമക്കേടുകൾ ബോധ്യപ്പെട്ടതിനെ തുടർന്നു നേരത്തെ ബില്ലുകൾ തടഞ്ഞുവച്ച വകുപ്പിലെ ഉന്നതൻ സമ്മർദത്തെത്തുടർന്നു വഴങ്ങിയെന്നാണു സൂചന. പിആർഡിയിൽ ആരോപണം നേരിടുന്ന ഒരു ഉന്നത ഉദ്യോഗസ്ഥൻ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ തലസ്ഥാന നഗരത്തിൽ 2 വർഷം മുൻപ് ഫ്ലാറ്റ് വാങ്ങിയതു ക്രമപ്പെടുത്തി അനുമതി നേടാനുള്ള അപേക്ഷയും ഇപ്പോൾ വന്നവയുടെ കൂട്ടത്തിലുണ്ട്. ഗവ. ഉദ്യോഗസ്ഥർ സ്വത്തുവിവരം സംബന്ധിച്ച പത്രിക വർഷം തോറും ഓഫിസ് മേധാവിക്കോ വകുപ്പ് തലവനോ സമർപ്പിക്കണമെന്നാണു ചട്ടം. ഈ പത്രികയിൽ ഉദ്യോഗസ്ഥൻ ഫ്ലാറ്റിന്റെ വിവരം വെളിപ്പെടുത്തിയിരുന്നില്ല. ഇതേപ്പറ്റി വിവിധ തലങ്ങളിൽ നിന്നു പരാതി വന്നതോ‌ടെയാണു മുൻകാല പ്രാബല്യത്തോടെ അനുമതി തേടി അപേക്ഷ നൽകിയിരിക്കുന്നത്.

English Summary:

Information and Public Relations Department: Files being displaced to fix irregularities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com