പി.ശശിക്കും അജിത്തിനും എതിരെ വിജിലൻസ് കേസെടുക്കണമെന്ന് ഹർജി
Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാറിനുമെതിരെ വിജിലൻസ് കേസെടുക്കണമെന്ന് ഹർജി.
വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയ്ക്കു നൽകിയ പരാതിയിൽ തുടർനടപടി സ്വീകരിക്കാത്തതിനാലാണു ഹർജിക്കാരനായ അഡ്വ.പി.നാഗരാജ് കോടതിയെ സമീപിച്ചത്. പരാതിയിൽ എന്തു നടപടി സ്വീകരിച്ചെന്നു വിജിലൻസ് ഡയറക്ടർ ഒക്ടോബർ ഒന്നിന് അറിയിക്കണം. സർക്കാർ നിലപാടും അന്നറിയിക്കാൻ കോടതി നിർദേശിച്ചതായി ഹർജിക്കാരൻ അറിയിച്ചു.
കോഴ, അനധികൃത സ്വത്തുസമ്പാദനം, ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തൽ, സോളർ കേസ് അട്ടിമറിക്കൽ തുടങ്ങിയവയാണ് ഇരുവർക്കുമെതിരെയുള്ള ആരോപണം. സർക്കാർ പി.ശശിയെ അന്വേഷണ പരിധിയിൽനിന്ന് ഒഴിവാക്കി. അജിത്കുമാറിനും മലപ്പുറം മുൻ എസ്പി സുജിത്ദാസിനും എതിരെ മാത്രമാണു നാമമാത്രമായി അന്വേഷണം പ്രഖ്യാപിച്ചതെന്നു ഹർജിയിൽ പറയുന്നു.
അജിത് നേരിടുന്നത് 4 അന്വേഷണം
∙ ഇടത് എംഎൽഎ പി.വി.അൻവർ ഉന്നയിച്ച സ്വർണക്കടത്തും മാമിയുടെ തിരോധാനവും അടക്കമുള്ള ആരോപണം ഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കുന്നു.
∙ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ഈ സംഘം അന്വേഷിക്കുന്നു.
∙ അവിഹിത സ്വത്തുസമ്പാദനവും സ്വർണക്കടത്തും അടക്കമുള്ളവ വിജിലൻസിന്.
∙ തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം. അന്വേഷിക്കുന്നത് ഡിജിപിയുടെ സംഘം