സിദ്ദിഖ് ഒളിവിൽ: മകന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്ത് എസ്ഐടി സംഘം
Mail This Article
കൊച്ചി∙ യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു വിട്ടയച്ചു. ഷഹീന്റെ സുഹൃത്തുക്കളായ നദീർ ബേക്കർ, പോൾ ജോയ് മാത്യു എന്നിവരെയാണ് എസ്ഐടി ഓഫിസിലെത്തിച്ചു ചോദ്യം ചെയ്തത്. സിദ്ദിഖിനെ ഒളിവിൽ പോകാൻ സഹായിച്ചു എന്ന സംശയത്തെ തുടർന്നാണിത്. സിദ്ദിഖിനു സിം കാർഡും ഡോംഗിളും എത്തിച്ചു നൽകിയത് ഇവരാണെന്ന നിഗമനത്തിലാണ് എസ്ഐടി. ഇന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി കേൾക്കാനിരിക്കെയാണു പ്രത്യേകാന്വേഷണസംഘം തിരച്ചിൽ ഊർജിതമാക്കിയത്.
ഇന്നലെ രാവിലെയും സിദ്ദിഖിന്റെ കുട്ടമശേരിയിലെ വീട്ടിൽ എസ്ഐടി പരിശോധന നടത്തിയിരുന്നു. അന്വേഷണസംഘത്തിനെതിരെ സുപ്രീം കോടതിയിൽ ഉയരാൻ സാധ്യതയുള്ള വാദങ്ങൾ പ്രതിരോധിക്കാനാണു തിരക്കിട്ട പരിശോധനകളിലേക്കും ചോദ്യം ചെയ്യലുകളിലേക്കും ഇന്നലെ കടന്നതെന്നാണു സൂചന. മേനക, കടവന്ത്ര എന്നിവിടങ്ങളിലുള്ള ഫ്ലാറ്റുകളിൽ നിന്ന് നദീറിനെയും പോളിനെയും ഇന്നലെ രാവിലെ അഞ്ചരയോടെ എസ്ഐടി നോട്ടിസ് നൽകി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. സിദ്ദിഖിനെ ഒളിവിൽ പോകാൻ സഹായിച്ച കാറുമായി ബന്ധപ്പെട്ടും ചോദ്യങ്ങൾ ഉണ്ടായെന്നാണു വിവരം.
എസ്ഐടി ഉദ്യോഗസ്ഥർ കൂട്ടിക്കൊണ്ടുപോയ തന്റെ സുഹൃത്തുക്കൾ എവിടെയാണുള്ളതെന്ന് അറിയില്ലെന്നു ഡൽഹിയിലുള്ള ഷഹീൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. രാവിലെ 11.30നാണു തന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത കാര്യം അറിയുന്നതെന്നും ഉച്ചയ്ക്കു രണ്ടിനു നദീൻ തന്നെ വിളിച്ചിരുന്നുവെന്നും ഷഹീൻ പറഞ്ഞു. സിദ്ദിഖ് എവിടെയാണുള്ളതെന്ന വിവരം പറഞ്ഞില്ലെങ്കിൽ തങ്ങളെ അറസ്റ്റ് ചെയ്യുമെന്നു നദീൻ തന്നോടു പറഞ്ഞതായും ഇത്തരത്തിൽ ബ്ലാക്ക് മെയിലിങ് രീതിയിലുള്ള അന്വേഷണമാണ് എസ്ഐടി നടത്തുന്നതെന്നും ഷഹീൻ ആരോപിച്ചു. സുഹൃത്തുക്കൾ തന്റെ വാഹനം ഉപയോഗിച്ചിട്ടില്ലെന്നും ഷഹീൻ പറഞ്ഞു.
കൂട്ടിക്കൊണ്ടു പോയി ആറു മണിക്കൂറിനു ശേഷവും യുവാക്കൾ എവിടെയുണ്ടെന്നു കണ്ടെത്താനാകാതെ വന്നതോടെ ഇരുവരുടെയും കുടുംബങ്ങളും ഇന്നലെ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു. ഉച്ചയോടെയാണ് ഇരുവരും കൊച്ചി എസ്ഐടിയുടെ ഓഫിസിൽ ഉണ്ടെന്ന വിവരം പുറത്തറിഞ്ഞത്. മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെയാണ് ഇരുവരെയും ഒടുവിൽ വിട്ടയച്ചത്. ഇവരെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യുമെന്നാണു വിവരം.