സിദ്ദിഖിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയിൽ
Mail This Article
ന്യൂഡൽഹി ∙ യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതി നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു സുപ്രീം കോടതി പരിഗണിക്കും. ഇതിനു മുന്നോടിയായി, പ്രത്യേക അന്വേഷണ സംഘത്തിൽ ഭാഗമായ ക്രൈംബ്രാഞ്ച് എസ്പി മെറിൻ ജോസഫ് ഡൽഹിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. കേസന്വേഷണത്തിന്റെ പുരോഗതിയും സിദ്ദിഖിനെതിരായ തെളിവുകളുടെ വിശദാംശങ്ങളുമെല്ലാം അറിയിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിൽ സിദ്ദിഖിന്റെ മകൻ ഷഹീനും ഡൽഹിയിലുണ്ടെന്നാണു വിവരം.
ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ ഇന്നു പരിഗണിക്കുന്നത്. സംസ്ഥാന സർക്കാരിനു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകയുമായ ഐശ്വര്യ ഭാട്ടിയാണു ഹാജരാകുന്നത്. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ ഓൺലൈൻ വഴിയും കേരളത്തിനു വേണ്ടി ഹാജരാകും. ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായി ഡൽഹിയിലെത്തിയ മെറിൻ ജോസഫ് കേരളത്തിന്റെ സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ ഉൾപ്പെടെയുള്ള അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി.
സിദ്ദിഖിനായി മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹത്ഗി ഹാജരാകുമെന്നാണു വിവരം. പരാതിക്കാരിക്കു വേണ്ടി മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവറാണു ഹാജരാകുന്നത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെയാണു സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്.