1117 കെഎസ്ആർടിസി ബസുകളുടെ കാലാവധി 2 വർഷം കൂടി നീട്ടി
Mail This Article
തിരുവനന്തപുരം ∙ 15 വർഷം പിന്നിട്ട 1117 കെഎസ്ആർടിസി ബസുകളുടെ കാലാവധി 2 വർഷം കൂടി നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ വർഷം, ബസുകളുടെ കാലാവധി ഒരു വർഷം കൂടി വർധിപ്പിച്ചു നൽകിയത് ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടി. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചെങ്കിലും 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ പൊളിക്കണമെന്ന നിലപാടിൽ മാറ്റമില്ലാത്തതിനാൽ മറുപടി ലഭിച്ചില്ല. തുടർന്നാണ് പ്രത്യേക ഉത്തരവ്. ഗതാഗതവകുപ്പിന്റെ 153 ബസിതര വാഹനങ്ങൾക്കും 2 വർഷം കാലാവധി നീട്ടി നൽകിയിട്ടുണ്ട് .
കഴിഞ്ഞ വർഷം ഇൗ ബസുകൾ 15 വർഷം പിന്നിട്ടപ്പോൾ, കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെ കാലാവധി ഒരു വർഷം നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിറക്കുകയായിരുന്നു.നിലവിൽ സർവീസ് നടത്തുന്ന 1117 ബസുകൾ പിൻവലിക്കേണ്ടിവന്നാൽ പ്രതിസന്ധി രൂക്ഷമാകും. ഇതേസമയം, കേന്ദ്രസർക്കാർ സ്വകാര്യബസുകളുടെ കാലപരിധി 22 വർഷമായി ഉയർത്തിയതിനെതിരെ സംസ്ഥാന സർക്കാർ വിമർശനവും ഉന്നയിച്ചു.