എൻസിപി മന്ത്രിമാറ്റം; തീരുമാനം ഇന്ന്
Mail This Article
തിരുവനന്തപുരം ∙ എൻസിപിയിലെ മന്ത്രിമാറ്റ വിഷയത്തിൽ തീരുമാനം ഇന്നുണ്ടായേക്കും. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രൻ, തോമസ് കെ.തോമസ് എംഎൽഎ എന്നിവരടങ്ങുന്ന എൻസിപി സംഘം ഇന്ന് 3.30ന് മുഖ്യമന്ത്രിയെ കാണും. ശശീന്ദ്രനു പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കാനുള്ള എൻസിപി ദേശീയ പാർലമെന്ററി ബോർഡിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും തീരുമാനം ചാക്കോ മുഖ്യമന്ത്രിയെ അറിയിക്കും.
പാർട്ടി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ കൈവിട്ടതോടെ മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യമാണെങ്കിലും മന്ത്രിമാറ്റത്തെ മുഖ്യമന്ത്രിയും ഘടകകക്ഷികളും പ്രോത്സാഹിപ്പിക്കില്ലെന്ന നേരിയ പ്രതീക്ഷയാണ് അദ്ദേഹത്തിനുള്ളത്. ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പാർട്ടി നിലപാട് തീരുമാനിക്കും. ഇന്നലത്തെ സിപിഎം–സിപിഐ കൂടിക്കാഴ്ചയിലും ഈ വിഷയം ചർച്ച ചെയ്തതായി അറിയുന്നു.
ദേശീയ നേതൃത്വത്തിനെതിരെ ജില്ലകളിൽ ഗ്രൂപ്പ് യോഗങ്ങൾ വിളിച്ചതിന്റെ പേരിൽ ശശീന്ദ്രൻ വിഭാഗം നേതാക്കളും സംസ്ഥാന ഭാരവാഹികളുമായ റസാഖ് മൗലവി, എ.വി.വല്ലഭൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, ഓട്ടൂർ ഉണ്ണിക്കൃഷ്ണൻ, ആർ.കെ.ശശിധരൻപിള്ള, രഘു കെ.മാരാത്ത് എന്നിവർക്ക് ജനറൽ സെക്രട്ടറി കെ.ആർ.രാജൻ കാരണം കാണിക്കൽ നോട്ടിസ് അയച്ചു.
‘മന്ത്രി സ്ഥാനം: ചാക്കോയ്ക്ക് അധികാരമില്ല’
കൊച്ചി ∙ എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റി പകരം തോമസ് കെ. തോമസിനെ മന്ത്രിയാക്കാനുള്ള അധികാരം പി.സി. ചാക്കോയ്ക്ക് ഇല്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ് കുട്ടി. എൻസിപി ദേശീയ തലത്തിൽ പിളർപ്പുണ്ടായപ്പോൾ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നവും കൊടിയും തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ചത് അജിത് പവാർ വിഭാഗത്തിനാണ്. അജിത് പവാർ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായി നിശ്ചയിച്ചത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു