ADVERTISEMENT

പറവൂർ∙ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അച്ചൻചേരിൽ പി. തമ്പി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും പൊലീസിനും പരാതി നൽകിയേക്കും. തമ്പിയെ ആത്മഹത്യയിലേക്കു നയിച്ചതിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കു പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട സാഹചര്യത്തിലാണു കുടുംബത്തിന്റെ നീക്കം. പോസ്റ്റ്മോർട്ടത്തിനു ശേഷം തമ്പിയുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു.

ആരോപണവിധേയനായ ലോക്കൽ സെക്രട്ടറി സംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല. തമ്പിയുടെ ആത്മഹത്യയിൽ പാർട്ടിക്കു പങ്കില്ലെന്നും വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളാകാം കാരണമെന്നും പ്രാദേശിക പാർട്ടി നേതൃത്വം ഇന്നലെ വ്യക്തമാക്കി. ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ കമ്മിറ്റി അംഗവും സിപിഎം ഏഴിക്കര ലോക്കൽ കമ്മിറ്റി അംഗവുമാണു തമ്പിയുടെ ഭാര്യ അനിത. കുടുംബം പരാതി നൽകുന്നില്ലെങ്കിൽ അന്വേഷണം ആവശ്യപ്പെട്ടു രംഗത്തെത്തിയ കോൺഗ്രസ് പരാതി നൽകിയേക്കും.

തമ്പിയെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോട്ടൽ മുറിയിൽ നിന്നു പൊലീസ് ആത്മഹത്യക്കുറിപ്പു കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും പാർട്ടി ഇടപെടലുകൾ സംബന്ധിച്ചും പരാമർശമുണ്ടെങ്കിലും ആരുടെയും പേരെടുത്തു കുറ്റപ്പെടുത്തിയിട്ടില്ലെന്നു പൊലീസ് പറയുന്നു. 

കുടുംബാംഗങ്ങളിൽ ആരെങ്കിലും പരാതി നൽകിയാൽ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു. തമ്പിക്കു പണം തിരികെ നൽകാനുള്ള മാഞ്ഞാലി സ്വദേശിയെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു

തിങ്കളാഴ്ച തമ്പി പാർട്ടിയിൽ അടുപ്പമുള്ള പലരെയും കണ്ടു വിഷമം പങ്കുവച്ചിരുന്നു. കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു തമ്പിയെന്നു സുഹൃത്തുകൾ പറയുന്നു. 

English Summary:

CPM Branch Committee Member's Suicide: Family May File Complaint with Party and Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com