സിനിമ വിളിച്ചിട്ടും പോകാതെ ക്യാമറയ്ക്കൊപ്പം എന്നും; ബാവൻസ് സ്റ്റുഡിയോ ഉടമ ജെ.സി.ബാവനെ ഓർമിക്കുമ്പോൾ
Mail This Article
കോട്ടയം ∙ സിനിമയിൽ നായകനാകാനുള്ള ക്ഷണം; ആരും കൊതിക്കുന്ന ആ ചാൻസ് വേണ്ടെന്നു വച്ച് ഫൊട്ടോഗ്രഫി രംഗത്ത് ഉറച്ചുനിന്ന വ്യക്തിത്വമാണ് ജെ.സി.ബാവന്റേത്. 1965ൽ ‘ഭൂമിയിലെ മാലാഖ’ സിനിമയാക്കുന്നതിനുള്ള ചർച്ച നടക്കുന്ന അവസരം. നിർമാതാവും സംവിധായകനുമായ പി.എ.തോമസാണ് സുഹൃത്തായ ബാവനെ സിനിമയിലെ നായകവേഷത്തിലേക്കു ക്ഷണിച്ചത്.
നസീറിനെ നായകനാക്കി തോമസ് സംവിധാനം ചെയ്ത ‘കുടുംബിനി’ എന്ന സിനിമ സൂപ്പർഹിറ്റായിരുന്ന സമയം. അടുത്ത സിനിമയിലേക്കാണു ബാവനു ക്ഷണം കിട്ടിയത്. സിനിമയിലേക്കു പോയില്ലെങ്കിലും ബാവൻസ് സ്റ്റുഡിയോയുടെ ഉടമയെന്ന നിലയിൽ സിനിമാനടന്മാരുമായും അണിയറ പ്രവർത്തകരുമായും നല്ല ബന്ധമായിരുന്നു ബാവന്. സി.എൽ.ജോസിന്റെ നാടകമായ ‘ഭൂമിയിലെ മാലാഖ’ സിനിമയായപ്പോൾ പ്രേംനസീർ തന്നെ നായകനായി.
താഴത്തങ്ങാടി പുളിക്കൽ ജേക്കബ് ചെറിയാൻ തന്റെ വിളിപ്പേരായ ‘ബാവൻ’ എന്ന പേരിലാണു പ്രശസ്തനായത്. ഫൊട്ടോഗ്രഫിയിൽ അതീവ കമ്പം ഉണ്ടായിരുന്ന ബാവൻ അതിനെ സാധാരണക്കാരുടെ വിനോദമാക്കി മാറ്റാൻ ഏറെ പ്രയത്നിച്ചു. കെകെ റോഡിൽ ബസേലിയസ് കോളജിന് എതിർവശത്ത് 1953ൽ ആണ് ബാവൻസ് സ്റ്റുഡിയോ ആദ്യം തുടങ്ങിയത്. ഫൊട്ടോഗ്രഫി ഉപകരണങ്ങളുടെ വിൽപനയും ഇതോടൊപ്പം ആരംഭിച്ചു.
ഫൊട്ടോഗ്രഫിക്കൊപ്പം ക്യാമറയുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഫിലിം റോളിന്റെയും വിപണനത്തിലും ബാവൻസ് പേരെടുത്തു. രണ്ടുവർഷത്തിനു ശേഷം കോട്ടയം നഗരമധ്യത്തിൽ വൈഎംസിഎയുടെ കെട്ടിടത്തിലേക്ക് സ്റ്റുഡിയോ മാറ്റിസ്‌ഥാപിച്ചു. പിന്നീടു കഞ്ഞിക്കുഴിയിലും സ്റ്റുഡിയോ തുടങ്ങി.
നന്നായി പാട്ടുപാടിയിരുന്ന ബാവൻ നാട്ടിലെ കലാ, സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മുടങ്ങിക്കിടന്നിരുന്ന താഴത്തങ്ങാടി വള്ളംകളി പുനരാരംഭിച്ചത് ബാവന്റെ കൂടി പരിശ്രമത്തിലായിരുന്നു.